വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്; വൈദികൻ ഒളിവില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

By Web TeamFirst Published Dec 11, 2019, 10:43 PM IST
Highlights

ചേവായൂർ ഇടവക വികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ ഒരു വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നും ഇതുസംബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന് നൽകിയ പരാതി പൂഴ്ത്തിയെന്നുമാണ് 45 കാരിയായ വീട്ടമ്മയുടെ പരാതി.

കോഴിക്കോട്: കോഴിക്കോട് ചേവായൂരില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഫാ. മനോജ് പ്ലാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും. അതിനിടെ, കേസില്‍ താമരശേരി രൂപത അധികൃതരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന്‍റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ചേവായൂർ ഇടവക വികാരിയായിരിക്കെ ഫാ. മനോജ് പ്ലാക്കൂട്ടം തന്നെ ഒരു വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നും ഇതുസംബന്ധിച്ച് താമരശേരി ബിഷപ്പ് മാർ റമജിയോസ് ഇഞ്ചനാനിയിലിന് നൽകിയ പരാതി പൂഴ്ത്തിയെന്നുമാണ് 45 കാരിയായ വീട്ടമ്മയുടെ പരാതി. പൊലീസ് കേസെടുത്ത് ഒരാഴ്ചയായിട്ടും ഫാ. മനോജ് പ്ലാക്കൂട്ടത്തെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഫാ.മനോജ് പ്ളാക്കൂട്ടം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി ഈ മാസം 19ന് കോടതി പരിഗണിക്കും. വൈദികന്‍ ബലാത്സംഗം ചെയ്ത കാര്യം രൂപത നേതൃത്വത്തെ അറിയിച്ചപ്പോള്‍ ബിഷപ്പ് അടക്കമുളളവര്‍ വൈദികനെതിരെ കര്‍ശന നടപടി ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് വീട്ടമ്മയുടെ പരാതി. ഇക്കാര്യങ്ങളെക്കുറിച്ചാണ് അന്വേഷണ സംഘം താമരശേരി രൂപത അധികൃതരുടെ മൊഴിയെടുത്തത്. 

ബിഷപ്പ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ ബിഷപ്പിന്‍റെ മൊഴി എടുത്തില്ലെന്നാണ് സൂചന. രൂപതാ കാര്യാലയത്തിൽ നടന്ന മൊഴിയെടുക്കൽ സംബന്ധിച്ച വിശദാംശങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പീഡന പരാതിയെത്തുടർന്ന് ഇടവക വികാരി സ്ഥാനത്തു നിന്നും മറ്റ് ചുമതലകളിൽ നിന്നും മനോജ് പ്ലാക്കൂട്ടത്തെ രൂപത നീക്കിയിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ഉപരി പഠനത്തിന് പോയ ഇയാൾ പൊലീസ് കേസ് എടുത്തതോടെ ഒളിവിൽ പോയതായാണ് വിവരം.

click me!