
ബുക്കാറെസ്റ്റ്: ഗലീലിയോ, ഐസക്ക് ന്യൂട്ടൺ എന്നിങ്ങനെ മഹാന്മാരുടെ പുസ്തകങ്ങളുടെ ആദ്യകോപ്പികള് അടങ്ങുന്ന ലണ്ടനിൽനിന്ന് മോഷ്ടിക്കപ്പെട്ട അമൂല്യമായ പുസ്തകശേഖരം റൊമാനിയയിലെ ഒരു ഗ്രാമത്തിൽ കണ്ടെത്തി. ലണ്ടനിലെ വെയർഹൗസിൽനിന്ന് മോഷണംപോയ 23.54 കോടി രൂപയിലെറെ 200 ഓളം പുസ്തകങ്ങളാണ് കണ്ടെത്തിയത്.
പടിഞ്ഞാറൻ ലണ്ടനിലെ ഫെൽതാമിലുള്ള വെയർഹൗസിൽനിന്നാണ് 2017 ൽ പുസ്തകങ്ങൾ മോഷണംപോയത്. വെയർഹൗസിന്റെ മേൽക്കൂരയിൽ ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. റൊമാനിയൻ കുറ്റവാളി സംഘമാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു.
യുകെയിൽ ഉടനീളം ഈ കുറ്റവാളി സംഘം വെയർഹൗസുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിട്ടുണ്ടെന്ന് ലണ്ടൻ പോലീസ് കണ്ടെത്തിയിരുന്നു. ബുധനാഴ്ച വടക്കുകിഴക്കൻ റൊമാനിയയിലെ നീംതിലുള്ള ഒരു വീട്ടിൽ പോലീസ് പരിശോധന നടത്തിയപ്പോഴാണ് അമൂല്യ പുസ്തകശേഖരം കണ്ടെത്തിയത്.
പുസ്തക മോഷണവുമായി ബന്ധപ്പെട്ട് യുകെ, റൊമാനിയ, ഇറ്റലി എന്നിവിടങ്ങളിലെ 45 വിലാസങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ 13 പേർ പിടിയിലായിട്ടുണ്ട്. ദാന്തെയുടെ അപൂർവ പതിപ്പുകളും സ്പാനിഷ് ചിത്രകാരൻ ഫ്രാൻസിസ്കോ ഡി ഗോയയുടെ രേഖാചിത്രങ്ങളും ഗലീലിയോ, ഐസക് ന്യൂട്ടൺ എന്നിവരുടെ 16, 17 നൂറ്റാണ്ടുകളിലെ രചനകളും പുസ്തകക്കൂട്ടത്തിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam