കൂടത്തായി - പിണറായി ദുരൂഹമരണങ്ങൾ; അസാധാരണ സമാനതകള്‍, പിന്നില്‍ ഉറ്റബന്ധുക്കള്‍

By Web TeamFirst Published Oct 5, 2019, 10:45 AM IST
Highlights

കൂടത്തായിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ആളുകള്‍ മരിച്ചപ്പോള്‍ പിണറായില്‍  നാലുമാസത്തിനിടെ നടന്നത് മൂന്നുമരണങ്ങളാണ്. പിണറായിലെ മരണങ്ങളും കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്നായിരുന്നു. 

തിരുവനന്തപുരം: കൂടത്തായില്‍ ഒരുകുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം വിഷം അകത്തുചെന്നുള്ള മരണമാണെന്നുള്ള സൂചന പൊലീസ് നല്‍കുമ്പോള്‍ ചര്‍ച്ചയാവുന്നത് ഏഴു കൊല്ലം മുന്‍പ് പിണറായില്‍ നടന്ന കൂട്ടക്കൊലപാതകമാണ്. 

കൂടത്തായിയില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ആളുകള്‍ മരിച്ചപ്പോള്‍ പിണറായില്‍  നാലുമാസത്തിനിടെ നടന്നത് മൂന്നുമരണങ്ങളാണ്. പിണറായിലെ മരണങ്ങളും കടുത്ത ഛര്‍ദ്ദിയെത്തുടര്‍ന്നായിരുന്നു. കേസിലെ പ്രതിയായ സൗമ്യയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയിലായതോടെയാണ് നാട്ടുകാരുടെ പരാതിയില്‍ പിണറായിലെ മരണങ്ങള്‍ അന്വേഷിച്ചത്. 2002നും 2016നും ഇടയില്‍ നടന്ന കൂടത്തായിലെ മരണങ്ങള്‍ അന്വേഷിക്കുന്നത് മരിച്ച ടോം തോമസിന്‍റെ ഇളയമകന്‍ റോജോയ്ക്കുണ്ടായ ചില സംശയങ്ങളെത്തുടര്‍ന്നാണ്. 

അന്ന് പിതൃത്വം തെളിയിക്കാന്‍ വിഷം കുടിച്ചു, ഇന്ന് ജീവനെടുക്കാന്‍ വിഷം കുടിപ്പിച്ചു

അവിഹിത ബന്ധം പുറത്തറിയാതിരിക്കാനായാണ് അച്ഛനെയും അമ്മയെയും മകളെയും പിണറായിയിലെ സൗമ്യ കൊലപ്പെടുത്തിയത്. തുടര്‍മരണങ്ങളില്‍ നാട്ടുകാര്‍ പരാതിപ്പെട്ടതോടെ നടന്ന അന്വേഷണത്തില്‍ സൗമ്യ കുടുങ്ങി. കഴിഞ്ഞ വര്‍ഷം ജയില്‍ വളപ്പില്‍ സൗമ്യ ജീവനൊടുക്കുകയായിരുന്നു. രണ്ട് കേസുകളില്‍ മരണങ്ങള്‍ നടന്ന് ഏറെക്കാലത്തിന് ശേഷമാണ് അന്വേഷണം തുടങ്ങുന്നത്. പിണറായിയെ കേസില്‍ മകള്‍ പ്രതിയായപ്പോള്‍ കൂടത്തായിയില്‍ സംശയത്തിന്‍റെ നിഴലിലുള്ളത് മരുമകളും കൊല്ലപ്പെട്ടവരുടെ സ്വന്തം ബന്ധുക്കളുമാണ്. ഭക്ഷണത്തിലൂടെയാണ് രണ്ട് സംഭവങ്ങളിലും ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കൂടത്തായിയിലെ ടോം തോമസടക്കമുള്ളവര്‍ മരിക്കുന്നതിനു മുന്‍പ് ഒരേതരം ഭക്ഷണം കഴിച്ചിരുന്നു. 

പിണറായിയിൽ നടന്നത് ക്രൂരമായ കൊലപാതക പരമ്പര

സ്വത്തും പണവും കൈക്കലാക്കുക എന്ന ലക്ഷ്യത്തിനൊപ്പം വ്യക്തി വൈരാഗ്യവും സംശയങ്ങളും കൊലപാതക സാധ്യതയിലേക്കെത്തിച്ചെന്നാണ് പൊലീസ് സംശയം. കൂടത്തായി ദുരൂഹമായി മരിച്ച പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ ദമ്പതികളുടെ മരുമകള്‍ ജോളിയെയാണ് പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.  നേരത്തെ അന്വേഷണ സംഘം നുണപരിശോധനയ്ക്ക് വിധേയമാകാന്‍ ജോളിയോട് ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറിയിരുന്നു. 

പിണറായിയില്‍ നാലുമാസത്തിനുള്ളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ കൂടത്തായിയില്‍ ഓരോ മരണത്തിനും വര്‍ഷങ്ങളുടെ ഇടവേള വരുത്തിയത് ബോധപൂര്‍വമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിവുകള്‍ വിശദമാക്കുന്നത്. മരിച്ചവര്‍ക്കെല്ലാം തന്നെ ഹൃദയംസംബന്ധിയായ തകരാര്‍ ഉണ്ടായിരുന്നെന്ന് പ്രചരിപ്പിച്ചതിന് പിന്നിലും പൊലീസ് ഗൂഢാലോചന സംശയിക്കുന്നുണ്ട്. 

click me!