
തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരില്‍ പതിനാലു വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തും. പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് ആദര്‍ശ് വിജയന്‍റെ മൃതദേഹം പുറത്തെടുക്കുന്നത്. 2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. പിന്നീട് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അന്ന് ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നില്ല. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ദുരൂഹത സംശയിച്ചുതുടങ്ങിയത്. കുളത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ആദര്‍ശ് മരിച്ചത് വെള്ളം കുടിച്ചല്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലക്കടിയേറ്റാണ് ആദര്‍ശ് മരിച്ചതെന്ന് മനസിലാക്കിയതോടെയാണ് ദുരൂഹതയേറുന്നത്. ആദ്യം പാങ്ങോട് പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിന്നീടിത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ക്രൈംബ്രാഞ്ചിന് വിട്ടു.
ലോക്കല്‍ പൊലീസ് തെളിവില്ലെന്നും പ്രതിയെ കണ്ടെത്താനായില്ലെന്നും പറഞ്ഞ് എഴുതി തള്ളിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടിട്ടും 10 വര്‍ഷമായിട്ടും അന്വേഷണത്തില്‍ പുരോഗതിയുണ്ടായിട്ടില്ല. തുടര്‍ന്ന് ഇപ്പോള്‍ കേസ് ഫയല്‍ പി എസ് സി കേസുകൂടി കൈകാര്യം ചെയ്യുന്ന ഡിവൈഎസ്പി ഹരികൃഷ്ണന് കൈമാറി. ക്രൈംബ്രാഞ്ചിന്‍റെ പുനഃസംഘടനയുടെ ഭാഗമായി വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ തീര്‍പ്പാക്കണമെന്ന് തീരുമാനമുണ്ടായി. ഇതിന്‍റെ ഭാഗമായാണ് നടപടി. ഇതില്‍ ദുരൂഹതയുള്ളതിനാല്‍ വരുന്ന തിങ്കളാഴ്ച ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് തീരുമാനം.
കുട്ടിയുടെ കയ്യില്‍ പൈസയുണ്ടായിരുന്നുവെന്നും അത് തട്ടിയെടുക്കാന്‍ ശ്രമിച്ചതാകാമെന്നും കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയുണ്ടാകാമെന്നുമാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കുട്ടിയെ കാണാതായ സമയത്ത് മൃതദേഹം കണ്ടെത്തിയ കുളത്തിന്‍റെ ഭാഗത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. അപ്പോള്‍ കണ്ടെത്താതെ രാത്രിയാണ് മൃതദേഹം അതേ സ്ഥലത്ത് കണ്ടെത്തിയത്. മാത്രമല്ല, അധികമാര്‍ക്കും അറിയാത്തതാണ് ഈ പ്രദേശത്തെ കുളമെന്നും ബന്ധുക്കള്‍ പറയുന്നു.
മകന്‍റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ആദര്‍ശിന്‍റെ അച്ഛന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ അന്വേഷണത്തിന് പകരം പുനര്‍ അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. നാട്ടുകാരുടെയും അയല്‍വാസികളുടെയും മൊഴിയെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam