അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്; ജില്ലാ ക്രൈംബ്രാഞ്ച് ഡ‍ിവൈഎസ്പിക്ക് ചുമതല

By Web TeamFirst Published Apr 3, 2021, 9:38 AM IST
Highlights

പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അസീസ്. അസീസിനെ അടിച്ച സഹോദരൻ ഇപ്പോൾ വിദേശത്താണ്. അസീസിന്റെ അച്ഛൻ നാദാപുരത്ത് ടാക്സി ഡ്രൈവറാണ്. 

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയിലെ അസീസിന്റെ മരണത്തിൽ പുനരന്വേഷണം. അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് കേസ് വീണ്ടും അന്വേഷിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡ‍ിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറൽ എസ്പിയുടെ നിർദ്ദേശാനുസരണമാണ് പുനരന്വേഷണം. 

2020 മെയ് 17നാണ് അസീസ് മരിച്ചത്. വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിലാണ് നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്. സഹോദരന്‍ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വീട്ടുകാരുടെ അറസ്റ്റ് ആവശ്യപ്പെട്ട് ആക്ഷന്‍ കൗൺസില്‍ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. രണ്ടാനമ്മയുടെ ക്രൂരത സുഹൃത്തുക്കളോട് വെളിപ്പെടുത്തിയ ദിവസമാണ് അസീസ് മരിച്ചതെന്നും പരാതിയുണ്ട്.

പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അസീസ്. അസീസിനെ അടിച്ച സഹോദരൻ ഇപ്പോൾ വിദേശത്താണ്. അസീസിന്റെ അച്ഛൻ നാദാപുരത്ത് ടാക്സി ഡ്രൈവറാണ്. 

ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. എന്നാൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചും കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

click me!