
തിരുവനന്തപുരം: പെട്രോൾ പമ്പ് മാനേജർ ബാങ്കിലടക്കാൻ കൊണ്ടുപോയ പണം കവർന്ന കേസിൽ റിമാൻഡിലായിരുന്ന റീൽസ് താരം മീശ വിനീതിനെയും സുഹൃത്തിനെയും ഇയാളുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ആഡംബര ജീവിതത്തിനും പെൺകുട്ടികളെ വലയിലാക്കാനുമാണ് മോഷണം തെരഞ്ഞെടുത്തതെന്ന് വിനീത് പൊലീസിനോട് പറഞ്ഞു.
റിമാൻഡിലായിരുന്ന ഇരുവരെയും കഴിഞ്ഞ ദിവസമാണ് തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കേസിലെ ഒന്നാം പ്രതി കിളിമാനൂർ വെള്ളല്ലൂർ കീഴ്പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ മീശ വിനീത് എന്ന വിനീത് (26), ഇയാളുടെ സുഹൃത്ത് ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ എസ്. ജിത്തു എന്നിവരെയാണ് കഴിഞ്ഞ ദിവസം വിനീതിന്റെ കീഴ്പേരൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തത്.
കവർന്ന പണം കണ്ടെത്താനായില്ലെങ്കിലും, ഇയാൾ പലർക്കായി പണം ക്രയവിക്രയം നടത്തിയത് രേഖപ്പെടുത്തിയ ഡയറി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് മംഗലപുരം എസ്.എച്ച്.ഒ സിജു കെ.എൽ പറഞ്ഞു. പിടിച്ചുപറി നടന്ന കണിയാപുരം എസ്.ബി.ഐ ശാഖക്ക് സമീപവും തെളിവെടുപ്പു നടത്തിയിരുന്നു. രണ്ടര ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് പട്ടാപ്പകൽ കവർച്ച നടത്തിയത്.
ജിത്തുവാണ് പണം തട്ടിയെടുത്ത് ഓടിയതെന്നും താൻ ഇയാളെ സ്കൂട്ടറിൽ രക്ഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും വിനീത് സി.ഐയോട് പറഞ്ഞു. അതേസമയം, മോഷണമുതലിൽനിന്നും കുറച്ചുപണം ജിത്തുവിന് നൽകിയശേഷം ബാക്കി തുകയുപയോഗിച്ച് വിനീത് ബുള്ളറ്റ് വാങ്ങുകയും മൊബൈൽ ഫോൺ നന്നാക്കുകയും കടം തീർക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. ഇൻസ്റ്റഗ്രാമിലും റീൽസിലുമടക്കം സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വിനീത് ആഡംബര ജീവിതത്തിനുവേണ്ടിയും പെൺകുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കാനും പണത്തിനായാണ് മോഷണവും പിടിച്ചുപറിയുമൊക്കെ തൊഴിലാക്കി മാറ്റിയതെന്ന് സി.ഐ പറഞ്ഞു.
വിനീതിന് ലഹരി സംഘങ്ങളു മായി ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കവർച്ചക്കു ശേഷം തൃശൂരിലേക്ക് പോകാൻ ഉപയോഗിച്ച വാടക കാർ കസ്റ്റഡിയിലെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. തെളിവെടുപ്പിനു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
Read Also: മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അതിക്രമം, വീട്ടുകാരെ അസഭ്യം പറച്ചിൽ; ആലപ്പുഴയിൽ യുവാവ് പിടിയിൽ