അമ്മയുടെയും മകന്‍റെയും മരണം; ഭര്‍ത്താവിന്‍റെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നെന്ന് ലിസിയുടെ ബന്ധുക്കള്‍

By Web TeamFirst Published Oct 22, 2019, 10:55 PM IST
Highlights

ഭര്‍ത്താവ് വില്‍സന്‍ ജോണിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ലിസി നല്‍കിയ പരാതി ഇടുക്കി എസ്‍പി അന്വേഷിച്ചില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ആരോപണം. 

ദില്ലി: ദില്ലിയില്‍ മരിച്ച കോട്ടയം പാമ്പാടി സ്വദേശി ലിസിയെ രണ്ടാം ഭര്‍ത്താവിന്‍റെ  ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതി. ഭര്‍ത്താവ് വില്‍സന്‍ ജോണിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ലിസി നല്‍കിയ പരാതി ഇടുക്കി എസ്‍പി അന്വേഷിച്ചില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ആരോപണം. സ്വത്തുക്കളില്‍ അവകാശമില്ലെന്ന് എഴുതി നല്‍കാന്‍ രണ്ടാം ഭര്‍ത്താവിന്‍റെ ബന്ധുക്കള്‍ അലനെ ഭീഷണിപ്പെടുത്തിയെന്നാണ് ലിസിയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.

വില്‍സന്‍ ജോണിന്‍റെ  ബന്ധുക്കള്‍ സ്വത്തിനായി ലിസിയെയും മകനെയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കള്ളക്കേസ് നല്‍കുകയും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. വില്‍സന്‍റെ മക്കളിലൊരാളും മരുമകനും അഭിഭാഷകനും  അലനോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാന്‍ പറഞ്ഞെന്നും ഇല്ലെങ്കില്‍ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധു പറയുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു മരിക്കും മുമ്പ് ലിസിയെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു 

പോസ്‍റ്റുമോര്‍ട്ടത്തിന് ശേഷം എയിംസില്‍ സൂക്ഷിച്ചിരുന്ന ലിസിയുടെയും മകന്‍ അലന്‍ സ്റ്റാന്‍ലിയുടെയും മൃതദേഹം ഉച്ചതിരിഞ്ഞ് ദില്ലി ബുറാഡി സെമിത്തേരിയില്‍ സംസ്‍കരിച്ചു. വെള്ളിയാഴ്ചയാണ് ലിസിയെ തൂങ്ങിമരിച്ച നിലയിലും മകന്‍ അലനെ ട്രയിന്‍ തട്ടി മരിച്ച നിലയിലും കണ്ടെത്തിയത്. ദില്ലി ഐഐടിയില്‍ ഗവേഷകനും സ്വകാര്യ കോളേജില്‍ താല്‍ക്കാലിക അധ്യാപകനുമായിരുന്നു അലന്‍ സ്റ്റാന്‍ലി. 


 

click me!