Latest Videos

കമലേഷ് തിവാരി വധം; മുഖ്യപ്രതികള്‍ പിടിയില്‍

By Web TeamFirst Published Oct 22, 2019, 10:12 PM IST
Highlights

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപത്തു വച്ച് കമലേഷ് തിവാരി വെടിയേറ്റു മരിച്ചത്. 

മുംബൈ: ഹിന്ദു സമാജ് നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തില്‍ മുഖ്യപ്രതികള്‍ പിടിയില്‍. അഷ്ഫാഖ്, മൊയ്‍നുദീന്‍ പതാന്‍ എന്നിവരാണ് പിടിയിലായത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാണ് രണ്ടുപേരെയും തീവ്രവാദവിരുദ്ധ സേന അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ സ്വവസതിക്ക് സമീപത്ത് വച്ച് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. കമലേഷ് തിവാരിയെ കൊലപ്പെടുത്തിയവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന സെയ്ദ് അസിം അലിയെ ഇന്നലെ നാഗ്പൂരിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കൊലപാതകത്തിൽ പ്രധാന പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ . 

കമലേഷ് തിവാരിയുടെ വീടിനടുത്താണ് മുഖ്യപ്രതികൾ മുറി ബുക്ക് ചെയ്തിരുന്നത്. ഇവിടുന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും, കത്തിയും പൊലീസ് കണ്ടെത്തി. സ്വന്തം പേരും മേൽവിലാസവും ഉപയോഗിച്ചാണ് പ്രതികൾ മുറി ബുക്ക് ചെയ്തത്. ഹോട്ടലിലെയും കമലേഷ് തിവാരിയുടെയും വീടിന് മുന്നിലെ സിസിടിവികളിൽ നിന്ന് ഇവരുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. സംഭവത്തില്‍ നേരത്തെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കമലേഷ് തിവാരി കൊല്ലപ്പെട്ട ഖുര്‍ഷിദ് ബാദിലെ ഹിന്ദു സമാജ് ഓഫീസില്‍ നിന്ന് ലഭിച്ച മധുരപ്പൊതി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂറത്തിലെ ബേക്കറിയുടെ പേരാണ് മധുരപ്പൊതിയിൽ ഉണ്ടായിരുന്നത്. തിവാരിലെ കൊലപ്പെടുത്താനുള്ള തോക്ക് ഒളിപ്പിച്ചുകൊണ്ടുവന്നത് മധുരപ്പൊതിയിലായിരുന്നു. പ്രവാചക നിന്ദാപ്രസംഗത്തെത്തുടര്‍ന്ന് ബിജനോറില്‍ നിന്നുള്ള മൗലാനമാരുടെ ഭീഷണിയുണ്ടായിരുന്നതായി തിവാരിയുടെ ഭാര്യയും വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നായിരുന്നു ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗിന്‍റെ പ്രതികരണം. 
 

click me!