'അഫ്താബ് എന്നെ കൊല്ലും'; ഒരു രാത്രി പേടിയോടെ സുഹൃത്തിനെ അറിയിച്ച ശ്രദ്ധ, പിന്നീട് സംഭവിച്ചത്

By Web TeamFirst Published Nov 14, 2022, 10:44 PM IST
Highlights

ഒരിക്കൽ വീട്ടിലെത്തി തന്നെ രക്ഷിക്കണമെന്ന് വാട്സ് ആപ്പില്‍ ശ്രദ്ധ സന്ദേശം അയച്ചിരുന്നു. അഫ്താബിനൊപ്പം താമസിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്.

ദില്ലി: ലിവിംഗ് പാര്‍ട്ണറായ പെണ്‍കുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി കാട്ടില്‍ തള്ളിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഫ്താബ് അമീൻ പൂനവല്ല എന്നയാളാണ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് അറസ്റ്റിലായിട്ടുള്ളത്. അഫ്താബ് നിരന്തരം ശ്രദ്ധയെ ഉപദ്രവിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്നത്. അഫ്താബും ശ്രദ്ധയും തമ്മിൽ പല വഴക്കുകളും തർക്കങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പറഞ്ഞു.

ഒരിക്കൽ വീട്ടിലെത്തി തന്നെ രക്ഷിക്കണമെന്ന് വാട്സ് ആപ്പില്‍ ശ്രദ്ധ സന്ദേശം അയച്ചിരുന്നു. അഫ്താബിനൊപ്പം താമസിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്. തുടര്‍ന്ന് മറ്റ് ചില സുഹൃത്തുക്കളോടൊപ്പം ഛത്തർപൂരിലെ വീട്ടിലെത്തി ശ്രദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു. ശ്രദ്ധയ്ക്ക് അഫ്താബിനോടുള്ള സ്നേഹം കാരണമാണ് അന്ന് പൊലീസിനെ സമീപിക്കാതിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു. 

ഒരുമിച്ച് ജീവിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് അഫ്താബും ശ്രദ്ധയും ദില്ലിയിലേക്ക് ഒളിച്ചോടിയത്. ശ്രദ്ധ ആഫ്താബിനെ വിവാഹത്തിനായി നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയിൽ പ്രശ്നങ്ങള്‍ വഷളായി. മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോൾ സെന്‍ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചാണ് അഫ്താബിനെ പരിചയപ്പെടുന്നത്. താമസിയാതെ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചു.

എന്നാൽ ഇവരുടെ ബന്ധം ശ്രദ്ധയുടെ വീട്ടുകാർ അംഗീകരിച്ചില്ല. ഇതോടെയാണ് ഇരുവരും ഒരുമിച്ച് ദില്ലയിലേക്ക് മാറുന്നത്. ഛത്തർപൂർ ഏരിയയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. ശ്രദ്ധ അഫ്താബിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അഫ്താബിന് വിവാഹിതനാകാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇതാണ് ഇവരുവര്‍ക്കുമിടയില്‍ വഴക്കുണ്ടാകാന്‍ കാരണമായത്. കഴിഞ്ഞ മെയ് 18ന് വിവാഹ വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. ആ നിമിഷത്തെ ദേഷ്യത്തില്‍ അഫ്താബ് ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രദ്ധ മരിച്ചതോടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച് അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനായി പുതിയ ഫ്രിഡ്ജ് അഫ്താബ് വാങ്ങിയെന്നാണ് പൊലീസ് പറയുന്നത്.  തുടര്‍ന്ന് അടുത്ത 18 ദിവസങ്ങളിലായി ഇയാള്‍ മെഹ്‌റൗളി വനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.

ദില്ലിയിലേക്ക് മാറിയെങ്കിലും ശ്രദ്ധ ഇടയ്ക്കിടെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. തുടര്‍ച്ചയായി മകളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നവംബർ എട്ടിന് ശ്രദ്ധയെ കാണാന്‍ പിതാവ് വികാസ് മദൻ ദില്ലിയില്‍ എത്തിയത്. അമീനും, ശ്രദ്ധയും താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോൾ അത് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് അദ്ദേഹം മെഹ്‌റൗളി പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. മദൻ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പൊലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ കാര്യം വെളിപ്പെട്ടത്. 

ലിവിംഗ് ടുഗതര്‍ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണമാക്കി കാട്ടില്‍ തള്ളി; യുവാവ് അറസ്റ്റിലായി.!

click me!