അമ്പതോളം പേർ ചേർന്ന് റിട്ടയേർഡ് ഐപിഎസ് ഓഫീസറെയും മകനെയും തല്ലിച്ചതച്ചു; കാർ തകർത്തു

By Web TeamFirst Published Aug 14, 2019, 7:47 PM IST
Highlights

പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തോട്, സംഘർഷം നടന്ന സ്ഥലം തങ്ങളുടെ പരിധിയിൽ അല്ലെന്ന് പൊലീസുകാരുടെ മറുപടി

പാറ്റ്ന: വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ബീഹാറിൽ വിരമിച്ച ഐപിഎസ് ഓഫീസർക്കും മകനും ക്രൂര മർദ്ദനമേറ്റു. അമ്പതോളം പേർ ചേർന്നാണ് ഇരുവരെയും തല്ലിച്ചതച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറും അക്രമികൾ തകർത്തു.

വാർത്ത ഏജൻസിയായ എഎൻഐയാണ് ബീഹാറിലെ പാറ്റ്ന നഗരമധ്യത്തിൽ നടന്ന സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. തങ്ങൾ സഞ്ചരിച്ചിരുന്ന കാറിൽ ഒരു യുവാവിന്റെ ബൈക്ക് വന്നിടിച്ചുവെന്നും ഇത് ചോദ്യം ചെയ്ത് വാഹനത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഭർത്താവും മകനും യുവാവും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും റിട്ട ഐപിഎസ് ഓഫീസറുടെ ഭാര്യ പറഞ്ഞു.

പിന്നാലെ ബൈക്കിലുണ്ടായിരുന്ന ആൾ അമ്പതോളം പേരെ വിളിച്ചുവരുത്തുകയും, റിട്ട ഐപിഎസ് ഓഫീസറാണെന്ന് അറിഞ്ഞിട്ടും മർദ്ദിക്കുകയായിരുന്നുവെന്നുമാണ് ഇവരുടെ മൊഴി. പൊലീസ് സഹായിക്കാനെത്തിയില്ലെന്നും പരാതിയിൽ പറയുന്നു. ഇതിനിടെ അക്രമി സംഘം കാറും തല്ലിത്തകർത്തുവെന്നും ഇവർ കൂട്ടിച്ചേർത്തു.

പരാതി പറയാൻ പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തോട്, സംഘർഷം നടന്ന സ്ഥലം തങ്ങളുടെ പരിധിയിൽ അല്ലെന്ന് പൊലീസുകാർ മറുപടി പറഞ്ഞതായും ഇവർ ആരോപിച്ചു. ബൈക്കിന്റെ നമ്പറും, മർദ്ദിച്ചവരുടെ ഫോട്ടോയും വീഡിയോയും തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പറഞ്ഞു.

click me!