
മുംബൈ: സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ റിയാ ചക്രബർത്തിയുടേയും സഹോദരൻ ഷൗവിക് ചക്രബർത്തിയുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. റിയയുടെ കുറ്റസമ്മത മൊഴി നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് വാദത്തിനിടയിൽ അഭിഭാഷകൻ സതീഷ് മനേഷിൻഡേ പറഞ്ഞു.
ലഹരി ഇടപാടുകരുമായി റിയയ്ക്ക് നേരിട്ട് ബന്ധമുള്ളതായി തെളിഞ്ഞിട്ടില്ലെന്നും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്‍റെ അളവു പരിഗണിക്കുമ്പോള്‍ ജാമ്യത്തിന് അർഹതയുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു. അതേസമയം ജാമ്യം നൽകുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കാണിച്ച് നാർകോട്ടിക് കൺട്രോൾ ബ്യൂറോ അഭിഭാഷകൻ എതിർത്തു.
സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നൽകിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ അന്വേഷണസംഘം പറയുന്നത്. എന്നാൽ റിയ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ല.
താൻ നേരിട്ട് ആരിൽ നിന്നും ലഹരിമരുന്ന് വാങ്ങിച്ചിരുന്നില്ലെന്നും, സുശാന്ത് ആവശ്യപ്പെട്ടപ്പോഴാണ് ലഹരിമരുന്ന് വാങ്ങി നൽകാൻ സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാൻഡയോടും വീട്ടിലെ ജോലിക്കാരൻ ദീപേഷ് സാവന്തിനോടും പറഞ്ഞതെന്നും റിയ മൊഴി നൽകിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിഞ്ഞാൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് റിയക്ക് മേൽ ചുമത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam