റിപ്പര്‍ മോഡല്‍ ആക്രമണം, തലയ്ക്കടിച്ച് പണം കവരുന്ന സംഘം തൃശൂരില്‍, ചിത്രം പുറത്തുവിട്ട് പൊലീസ്

By Web TeamFirst Published Sep 11, 2020, 11:35 PM IST
Highlights

ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ചാലക്കുടി ഡിവൈഎസ്പിയെ ബന്ധപ്പെടാനാണ് നിര്‍ദേശം...

തൃശൂര്‍: റിപ്പര്‍ മോഡലില്‍ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് സ്വര്‍ണ്ണം കവരുന്ന രണ്ട് അക്രമികള്‍ തൃശ്ശൂര്‍ ജില്ലയില്‍ വിലസുന്നു. ഇവരെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പൊലീസ്. ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.

പേരാമ്പ്രയിലെ കള്ളുഷാപ്പ് മാനേജരായ മനോജ് ആക്രമിക്കപ്പെട്ടതാണ് ആദ്യത്തെ സംഭവം. ജൂണ്‍ 5 ന് ഷാപ്പിലെത്തിയ രണ്ട് പേര്‍ കള്ള് കുടിച്ച ശേഷം പാഴ്‌സല്‍ ചോദിച്ചു. പാഴ്‌സലെടുക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് മാല കവര്‍ന്നു. അടിയേറ്റ് ഭിത്തിയിലേക്ക് വീണ മനോജ് ആഴ്ചകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ടത്. 

ആമ്പല്ലൂരിലെ തയ്യല്‍ക്കടയുടമയായ 38 കാരിയെ ആഗസ്റ്റ് 28 നാണ് ആക്രമിച്ചത്. ഇത്തവണ അക്രമി ഒരാളായിരുന്നു. രണ്ട് സംഭവങ്ങളിലായി നാല് പവനോളം സ്വര്‍ണമാണ് കവര്‍ന്നത്. കവര്‍ച്ച പതിവായതോടെയാണ് പൊലീസ് പൊതുജനത്തിന്റെ സഹായം തേടിയത്.

മാസങ്ങളോളം ശ്രമിച്ചാണ് കടകളില്‍ നിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഹെല്‍മറ്റ് വച്ച ദൃശ്യങ്ങളായതിനാല്‍ ആളുകളെ തിരിച്ചറിയാനായിട്ടില്ല. വണ്ടി നന്പരും വ്യക്തമല്ല. മിക്കവാറും വ്യാജ നന്പര്‍ ആണ് ഇവര്‍ ഇപയോഗിക്കുന്നതെന്നും പൊലീസിന് ഉറപ്പാണ്. 

ഊടുവഴികളിലൂടെ സഞ്ചരിച്ചാണ് ഇവരുടെ കവര്‍ച്ച. പാലിയേക്കര ടോള്‍ പ്ലാസയിലൂടെയുള്ള സഞ്ചാരം ഇവര്‍ ബോധപൂര്‍വം ഒഴിവാക്കിയതായി പൊലീസ് കരുതുന്നു. കവര്‍ച്ച നടത്തുന്നു എന്നതിനേക്കാള്‍ തലയ്ക്കടിച്ച് കവര്‍ച്ച നടത്തുന്ന രീതിയാണ് ഭയാനകമെന്നാണ് പൊലീസ് കരുതുന്നത്. ഇവരെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ ചാലക്കുടി ഡിവൈഎസ്പിയെ ബന്ധപ്പെടാനാണ് നിര്‍ദേശം

click me!