
ബീഹാർ: ആയുധവുമായി എത്തിയ മോഷ്ടാക്കൾ ഇരുപത്തഞ്ച് കോടി വില വരുന്ന സ്വർണ്ണം-വെളളി ആഭരണങ്ങൾ കവർന്ന് കടന്നു കളഞ്ഞതായി പൊലീസ് റിപ്പോർട്ട്. ഇവർ ഒരാളെ കൊലപ്പെടുത്തുകയും ചെയ്തു. കൊൽക്കത്തയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് സ്വർണ്ണം-വെള്ളി ആഭരണങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന വ്യാപാരികളെയാണ് ആക്രമിച്ചത്. മൂന്നുപേരിൽ രണ്ട് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഒരാൾക്ക് പരിക്കൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഗർഹാര പൊലീസ് സ്റ്റേഷൻ പരിധിയിൽ താക്കൂർചക് പ്രദേശത്താണ് സംഭവം. ഡ്രൈവറായ ദീപക് കുമാറാണ് കൊല്ലപ്പെട്ടത്.
രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പ്രിൻസ് സോണി, അഭയകുമാർ സിംഗ്, സന്തോഷ് കുമാർ എന്നീ മൂന്ന് വ്യാപാരികളാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായത്. വിവാഹ സീസണോട് അനുബന്ധിച്ച് ചില്ലറ സ്വർണ്ണവ്യാപാരികൾക്ക് വിൽക്കാൻ വേണ്ടിയാണ് ഇവർ ഇരുപത്തഞ്ച് കോടിയുടെ ആഭരണം കൊൽക്കത്തയിൽ നിന്ന് വാങ്ങി മടങ്ങിയത്. ഇവർ സ്വർണ്ണം വാങ്ങുന്നതിനെക്കുറിച്ച് മോഷ്ടാക്കൾക്ക് മുൻകൂട്ടി അറിവുണ്ടാകുമെന്നാണ് പൊലീസിന്റെ അനുമാനം. വ്യാപാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇവർ ബൈക്കുകളിൽ പിന്തുടരുകയായിരുന്നു. ഗർഹാര പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചതായി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam