കണ്ണൂർ സെൻട്രൽ ജയിൽ ചപ്പാത്തി യൂണിറ്റിലെ കവർച്ച: എങ്ങുമെത്താതെ അന്വേഷണം

By Web TeamFirst Published May 10, 2021, 12:05 AM IST
Highlights

സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം

കണ്ണൂർ: സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പൊലീസുകാർ മുഴുവൻ കൊവിഡ് പ്രതിരോധത്തിനായി ശ്രദ്ധയൂന്നേണ്ടി വരുന്നത് കൊണ്ടാണ് ഈ മെല്ലേപ്പോക്ക് എന്നാണ് വിവരം.

ഏപ്രിൽ 21ന് അർധരാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിനുള്ളിലെ ചപ്പാത്തിയുണിറ്റിൽ മോഷണം നടന്നത്. ജയിൽ ഉൽപ്പന്നങ്ങളുടെ ഒരു ദിവസത്തെ വിറ്റുവരവായ ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് നഷ്ടപ്പെട്ടത്. സായുധരായ ഇന്ത്യൻ റിസർവ് ബറ്റാലിയൻ കാവൽ നിൽക്കുന്ന പ്രധാന ഗേറ്റിൽനിന്നു വെറും 10 മീറ്റർ അകലെയുള്ള മുറിയിലായിരുന്നു കവർച്ച. 

പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. രാത്രി 11.30നും 12.15നും ഇടയിൽ ഈ ഭാഗത്ത് സംശയകരമായി ഒരാൾ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യം സിസിടിവിയിൽനിന്നു ലഭിച്ചിരുന്നു. പണം ചപ്പാത്തി യൂണിറ്റിലെ മേശയ്ക്കുള്ളിലാണു സൂക്ഷിക്കുകയെന്ന വിവരം കൃത്യമായി അറിയാവുന്നയാൾ തന്നെയാണു കവർച്ച നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. അടുത്തിടെ സെൻട്രൽ ജയിലിൽനിന്നു ശിക്ഷകഴിഞ്ഞിറങ്ങിയ രണ്ട് മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. 

ഇവർ ചപ്പാത്തി യൂണിറ്റിൽ ജോലി ചെയ്തിരുന്നവരുമാണ്. ഈ രണ്ടുപേരും വയനാട്ടിലുണ്ടെന്ന സൂചന കിട്ടിയ പൊലീസ് അങ്ങോട്ടേക്ക് പോയിരുന്നെങ്കിലും പിടികൂടാനായില്ല. കണ്ണൂർ അസി.കമ്മിഷണർ പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിലാണു കേസന്വേഷണം നടക്കുന്നത്. 

പൊലീസുകാരെല്ലാം കൊവിഡ് പ്രതിരോധത്തിനായി ഇറങ്ങിയതും കേസന്വേഷണത്തെ ബാധിച്ചു എന്നാണ് വിവരം. മോഷ്ടാവിന് ജയിലിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള അന്വേഷണവും എങ്ങും എത്തിയില്ല. അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിൽ വളപ്പിലുണ്ടായ കവർച്ചയിൽ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്.

click me!