'ഇരയായ പെൺകുട്ടിയെ വിവാഹം കഴിച്ചോളാം', ഫാ. റോബിൻ വടക്കുംചേരിയും സുപ്രീംകോടതിയിൽ

By Web TeamFirst Published Aug 1, 2021, 11:27 AM IST
Highlights

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 

ദില്ലി: കൊട്ടിയൂർ പീഡനക്കേസിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ വൈദികൻ റോബിൻ വടക്കുംചേരിയും സുപ്രീംകോടതിയിൽ ഹർജി നൽകി. ഇന്നലെ പെൺകുട്ടിയും സമാന ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. 

വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്നാണ് റോബിൻ വടക്കുംചേരിയുടെ ആവശ്യം. ജസ്റ്റിസ് വിനീത് സരൺ അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും. വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന റോബിൻ വടക്കുംചേരിയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയും റോബിൻ വടക്കുംചേരിയും സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. 

Read More: കൊട്ടിയൂര്‍ പീഡനം: ആദ്യ ശ്രമം നടന്നത് പെണ്‍കുട്ടിയുടെ അച്ഛനെ പ്രതിയാക്കാന്‍, ഇരയെ പോലും മൊഴി മാറ്റിച്ച സ്വാധീനം!

കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 

Read More: കൂട്ട മൊഴിമാറ്റം, വ്യാജ രേഖകള്‍; എന്നിട്ടും ഫാദർ റോബിന്‍ പെട്ടത് ഇങ്ങനെ

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ റോബിൻ പീഡിപ്പിക്കുകയായിരുന്നു. 2017 ലാണ് റോബിൻ  വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ  പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തിരുന്നു.

സുപ്രീംകോടതി മുമ്പ് നടത്തിയത് ഗൗരവതരമായ പരാമർശങ്ങൾ

കൊട്ടിയൂര്‍ പീഡനക്കേസിൽ ഫാ. റോബിൻ വടക്കുംചേരി അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി നേരത്തേ നിരീക്ഷിച്ചിരുന്നതാണ്. കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരാകരിച്ചതാണ്. കൊട്ടിയൂര്‍ പീഡന കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ വയനാട് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റി മുൻ ചെയര്‍മാൻ ഫാ. ജോസഫ് തേരകവും, സിസ്റ്റര്‍ ബെറ്റിയും നൽകിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. വൈദികൻ റോബിൻ ഉൾപ്പടെയുള്ളവര്‍ക്കെതിരെ ഉയരുന്ന ആരോപണം അതീവ ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ കേസിലെ വിചാരണ സ്റ്റേ ചെയ്യാനാകില്ല. അതേസമയം, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ഹര്‍ജിക്കാരുടെ ഭാഗം പരിശോധിക്കാൻ കോടതി തീരുമാനിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയായ ഫാ. റോബിനെ സഹായിക്കാൻ രേഖകളിൽ തിരിമറി നടത്തിയതാണ് ഫാ. തേരകത്തിനെതിരെയുള്ള കുറ്റം. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രായം 16 വയസ്സ് എന്നത് 18 വയസ്സാക്കി ഫാ. ജോസഫ് തേരകം എഴുതിച്ചേര്‍ത്തു. ഇത് നിസ്സാര കുറ്റമല്ലെന്ന് കോടതി നിരീക്ഷിച്ചു.

click me!