മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടാന്‍ ശ്രമം; കണ്ണൂരില്‍ നാലംഗ സംഘം പിടിയിൽ

By Web TeamFirst Published Nov 7, 2019, 12:16 PM IST
Highlights

ബാങ്കിലെത്തിയ പ്രതികള്‍ 25 പവനുണ്ടെന്നും 9 ലക്ഷം രൂപ നൽകണമെന്നും ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു

കണ്ണൂർ: പയ്യന്നൂരിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ. 180 ഗ്രാം വരുന്ന മുക്കുപണ്ടവുമായി പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ തട്ടിപ്പ് നടത്താനെത്തിയ സംഘമാണ് പിടിയിലായത്. ഹോസ്ദുർഗ് പുത്തരിയടുക്കം സ്വദേശി വിജെ രാജൻ, പാടിയോട്ടുചാൽ സ്വദേശി സിഎം ബൈജു, വെങ്ങര പൊള്ളയിൽ സ്വദേശി പികെ മൻസൂർ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി പി ഷാജഹാൻ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്.  ഇന്നലെ വൈകിട്ട് നാലിനാണ് മുക്കുപണ്ടവുമായി ബൈജുവും രാജനും പയ്യന്നൂർ സഹകരണ ബാങ്കിലെത്തിയത്. 

ബാങ്കിലെ സ്ഥിരം ഇടപാടുകാരനാണ് ബൈജു. 25 പവനുണ്ടെന്നും 9 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ആഭരണങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. ബാങ്കിലെത്തിയ പൊലീസ് ബൈജുവിനേയും രാജനേയും പിടികൂടി. ചോദ്യം ചെയ്യലിൽ മറ്റ് രണ്ട് പേരെ കുറിച്ച് വിവരം കിട്ടി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാനും മൻസൂറും പിടിയിലായത്. ഇവര്‍ സംസ്ഥാനത്തെ പലഭാഗങ്ങളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

click me!