ഫ്ലക്സിനെ ചൊല്ലി തർക്കം; ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

By Web TeamFirst Published Mar 29, 2024, 2:12 AM IST
Highlights

ഒരു സംഘം പ്രാദേശിക ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന പരാതിയിൽ കിളിമാനൂർ പൊലീസെടുത്ത കേസിലാണ് രതീഷ് അറസ്റ്റിലായത്.

തിരുവനന്തപുരം: തിരുവനന്തപുരം പുളിമാത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാള്‍ അറസ്റ്റിൽ.ആർ എസ് എസ് പ്രവർത്തകനായ കിളിമാനൂർ സ്വദേശി രതീഷാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ സുജിത്തിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചത്. തിരുവനന്തപുരം പുളിമാത്ത് കമുകിൻകുഴി ജംഗ്ഷനിൽ കഴിഞ്ഞ ദിവസം എൽഡിഎഫ് പ്രവർത്തകർ സ്ഥാനാർത്ഥിയുടെ ഫ്ലകസ് സ്ഥാപിച്ചിരുന്നു. ഇത് നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ആക്രമണം

ജംഗ്ഷനിൽ എൽഡിഎഫ് പ്രവർത്തകർ സ്ഥാപിച്ച ഇടത് സ്ഥാനാർത്ഥിയുടെ ഫ്ലക്സ് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പകരമായി തൊട്ടടുത്ത ദിവസം സുജിത്തടക്കമുള്ള സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോള്‍ ആർഎസ്എസ് പ്രവർത്തകരുമായി തർക്കമുണ്ടായി. ഇതിന്‍റെ തുടർച്ചയായാണ് ഇന്നലെ രാത്രി ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം സുജിത്തിനെ വീട്ടിൽക്കയറി മാതാപിതാക്കളുടെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്.സുജിത്തിന്‍റെ തലക്കും കൈയിലുമാണ് വെട്ടേറ്റത്.

ഒരു സംഘം പ്രാദേശിക ആർഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന പരാതിയിൽ കിളിമാനൂർ പൊലീസെടുത്ത കേസിലാണ് രതീഷ് അറസ്റ്റിലായത്. ആക്രമിക്കാനുപയോഗിച്ച വെട്ടുകത്തിയും മണ്‍വെട്ടിയും ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. കേസിൽ കൂട്ടാളികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.ആക്രമണത്തിൽ പരിക്കേറ്റ സുജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More : 'ജ്യൂസ് കടകളിലെ ജീവനക്കാർ, താമസം രണ്ടാം നിലയിൽ'; പൊലീസെത്തിയപ്പോൾ ഞെട്ടി, അകത്ത് 10 അംഗ ഗുണ്ടാസംഘം, അറസ്റ്റിൽ

click me!