'ജ്യൂസ് കടകളിലെ ജീവനക്കാർ, താമസം രണ്ടാം നിലയിൽ'; പൊലീസെത്തിയപ്പോൾ ഞെട്ടി, അകത്ത് 10 അംഗ ഗുണ്ടാസംഘം, അറസ്റ്റിൽ

Published : Mar 29, 2024, 01:57 AM ISTUpdated : Mar 29, 2024, 01:58 AM IST
'ജ്യൂസ് കടകളിലെ ജീവനക്കാർ, താമസം രണ്ടാം നിലയിൽ'; പൊലീസെത്തിയപ്പോൾ ഞെട്ടി, അകത്ത് 10 അംഗ ഗുണ്ടാസംഘം, അറസ്റ്റിൽ

Synopsis

വിവിധ ജില്ലകളില്‍ നിന്നുള്ള ക്രിമിനലുകള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പനമ്പള്ളി നഗറിലെ വാടക വീട്ടിൽ പരിശോധന നടന്നത്.

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പത്തംഗ ഗുണ്ടാസംഘം പൊലീസിന്‍റെ പിടിയിൽ. പനമ്പള്ളി നഗറിലെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎയും ലഹരിമരുന്ന് വില്‍പനയ്ക്ക് സജ്ജമാക്കിയ ഉപകരണങ്ങളും അടക്കം സംഘം പിടിയിലായത്. കേരളത്തിന്‍റെ വിവിധ ഭാഗത്ത് നിന്നെത്തിയ പ്രതികൾ ലഹരികടത്തിനോ ക്വട്ടേഷൻ പ്രവർത്തനത്തിനോ എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതക കേസിലും ലഹരിക്കടത്ത് കേസിലും ഉള്‍പ്പെടെ പ്രതികളായവരാണ് എറണാകുളം സൗത്ത് പൊലീസിന്‍റെ പിടിയിലായത്. വിവിധ ജില്ലകളില്‍ നിന്നുള്ള ക്രിമിനലുകള്‍ കൊച്ചിയിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പനമ്പള്ളി നഗറിലെ വാടക വീട്ടിൽ പരിശോധന നടന്നത്. വീടിന്‍റെ രണ്ടാം നിലയിലാണ് സംഘം താമസിച്ചിരുന്നത്. ജ്യൂസ് കടയിലെ ജീവനകാരെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തതെന്നും എത്രപേരാണ് വീട്ടിലുള്ളതെന്ന് അറിയില്ലെന്നുമാണ് വീട്ടുടമ പൊലീസിനോട് പറഞ്ഞത്.

പൊലീസ് എത്തിയപ്പോള്‍ മുറിയില്‍ കണ്ടത് പത്തുപേരെയാണ്. തുടര്‍ന്നുള്ള പരിശോധനയില്‍ മൂന്നര ഗ്രാം എംഡിഎംഎ കണ്ടെത്തി. മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന ക്ലോക്കില്‍ ബാറ്ററി ഇടുന്ന ഭാഗത്ത് അതിവിദഗ്ദമായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് അജ്മല്‍, മുബഷീര്‍, മുഹമ്മദ് ഷെഫീക്, സബീര്‍, ആകാശ്, ശ്യാം, നവനീത്, തൃശൂര്‍ സ്വദേശികളായ ശരത്, ജിതിന്‍, പാലക്കാട് സ്വദേശി മഹേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തൃശൂരില്‍ നിന്ന് കാപ്പചുമത്തി നാടുകടത്തിയതാണ് ശരത്തിനെ. ചങ്ങരംകുളം സ്റ്റേഷനിലെ കൊലക്കേസ് പ്രതിയായ മഹേഷ് തൃശൂരില്‍ ഈസ്റ്റില്‍ ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ കേസിലും പ്രതിയാണ്. മറ്റ് പ്രതികള്‍ക്കെതിരെയും വിവിധ സ്റ്റേഷനുകളിലായി വധശ്രമം ലഹരി കേസുകള്‍ നിലവിലുണ്ട്. പത്തംഗസംഘം കൊച്ചിയില്‍ ഒരുമിച്ച് തമ്പടിച്ചതിന് പിന്നിലെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Read More:  കൊല്ലത്ത് പീഡനകേസ് അതിജീവിതയെ മർദ്ദിച്ച് ഭർത്താവിൻ്റെ കാമുകി, മനോവിഷമത്തിൽ ആത്മഹത്യ ശ്രമം; യുവതി അറസ്റ്റിൽ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്‍റെ മരണം; അച്ഛൻ അറസ്റ്റിൽ, ഭാര്യയുമായുള്ള പിണക്കം കൊലപാതകത്തിലേക്ക് നയിച്ചെന്ന് മൊഴി
ഗുരുവായൂരിലെ ജനങ്ങൾക്ക് ഉറക്കമില്ലാതായിട്ട് 2 ആഴ്ച, സതീഷ് വീട്ടുവളപ്പിലെത്തുന്നത് സന്ധ്യാസമയത്ത്, രാത്രിയോടെ മോഷണം, 3 കള്ളൻമാർ പിടിയിൽ