തൃശ്ശൂരിൽ നാലരലക്ഷം രൂപയുമായി ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി

By Web TeamFirst Published Sep 9, 2022, 11:40 AM IST
Highlights

 കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്.

തൃശ്ശൂർ:  വലപ്പാട് കോതകുളത്ത് ചീട്ടുകളി സംഘം  പൊലീസിൻ്റെ പിടിയിലായി. നാലര ലക്ഷത്തോളം രൂപയുമായിട്ടാണ് വൻ ചീട്ടുകളി സംഘം അറസ്റ്റിലായത്.  കോതകുളം പടിഞ്ഞാറ് ജവാൻ കോർണറിനടുത്തുള്ള മീനകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് ചീട്ടുകളി സംഘത്തെ ഇന്നലെ രാത്രി വലപ്പാട് പോലീസ് പിടികൂടിയത്. കഴിമ്പ്രം, നാട്ടിക സ്വദേശികളായ സുനിൽകുമാർ, സുരേന്ദ്രൻ, അനിൽകുമാർ, നിഷാദ്, രാമചന്ദ്രൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 

പാലക്കാട് കഞ്ചാവ് സംഘം യുവാവിനെ വീട് കയറി മർദ്ദിച്ചതായി പരാതി 

പാലക്കാട്: ചാലിശ്ശേരി കുന്നത്തേരിയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണമെന്ന് ആരോപണം. ഇരുപത് അംഗ സംഘം കുന്നത്തേരി സ്വദേശി ശരത്തിൻ്റെ വീട് കയറി ആക്രമിച്ചെന്നാണ് ആരോപണം. ഇന്നലെ രാത്രി സഹൃത്തുക്കൾക്ക് ഒപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു, മാരാകായുധങ്ങളുമായി എത്തിയ സംഘം മൂവരെയും മർദിച്ചത്.

ശരത്തിൻ്റെ സുഹൃത്തുക്കളായ, നിമേഷ് , ജിഷ്ണു, ലമ്മീസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ, നിമേഷ് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. അക്രമികളിൽ ചിലർ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് മർദനമേറ്റവർ പറഞ്ഞത്. മൂവരും ആശുപത്രിയിലെത്തി ചികിത്സ തേടി. എന്നാൽ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. 


കൊച്ചിയിൽ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

കൊച്ചി: കൊച്ചിയിൽ വീടിന് നേരെ സ്ഫോടകവസ്തുവെറിഞ്ഞു. പള്ളുരുത്തി സ്വദേശിയുടെ വീടിനു നേരേയാണ് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയത്. പള്ളുരുത്തി തങ്ങൾ നഗറിലെ ഷഹീറിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഷഹീർ കരാർ അടിസ്ഥാനത്തിൽ പണം നൽകി താമസിക്കുന്ന വീടാണിത്. ഇന്നലെ രാത്രിയാണ് സംഭവം.വീടിന്‍റെ ജനൽ ചില്ല് സ്ഫോടനത്തിൽ തകർന്നു കമ്പി വളഞ്ഞു പോയി. പള്ളുരുത്തി പൊലീസെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഷഹീറുമായുള്ള വ്യക്തിവിരോധമുള്ള ചിലരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. 

click me!