
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. സഞ്ജന ഗല്‍റാണിയും രണ്ട് പ്രതികളും സിസിബി കസ്റ്റഡിയില്‍ തുടരും. അന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയരാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
സെപ്റ്റംബർ നാലിന് അറസ്റ്റിലായതുമുതല്‍ സിസിബി കസ്റ്റഡിയിലായിരുന്ന നടി രാഗിണി ദ്വിവേദിയെ ആദ്യമായാണ് ജയിലിലേക്ക് മാറ്റുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടിയെ മാറ്റിയത്. സുരക്ഷ മുന്‍നിർത്തി പ്രത്യേക സെല്ലിലാണ് നടിയെ പാർപ്പിക്കുക. കേസില്‍ അറസ്റ്റിലായ മലയാള നടന്‍ നിയാസിനെയും മറ്റ് മൂന്ന് പ്രതികളെയും ഇതേ ജയിലിലേക്കാണ് മാറ്റിയത്.
മയക്കുമരുന്ന് കൈവശം വച്ചെന്നടക്കമുള്ള വകുപ്പുകൾ ചുമത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം നടിക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം നടി സഞ്ജന ഗല്‍റാണി, ലഹരി പാർട്ടി സംഘാടകന്‍ വിരേന്‍ഖന്ന , രാഗിണിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരെ ബുധനാഴ്ച വരെ ചോദ്യം ചെയ്യാനായി സിസിബി കസ്റ്റഡിയില്‍ വിട്ടു.
നടിമാരെ മുന്‍നിർത്തി സംഘടിപ്പിച്ച ലഹരി പാർട്ടികളിലേക്കെത്തിയ ഉന്നതരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇത്തരം പാർട്ടികൾ നടത്താനായി നഗരത്തില്‍ പ്രത്യേകം ഫ്ലാറ്റുകൾവരെ സംഘത്തിന് സ്വന്തമായുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാല്‍ നടിമാരുടെയും അറസ്റ്റിലായ മറ്റ് പ്രതികളുടെയും വീടുകളും ഓഫീസുകളും അരിച്ചു പെറുക്കിയിട്ടും ഇതുവരെ മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല.
മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളുമായി ഇവർ നടത്തിയ മൊബൈല്‍ ചാറ്റുകൾ മാത്രമേ അന്വേഷണ സംഘത്തിന്റെ കൈയില്‍ തെളിവായുള്ളൂ. പാർട്ടികളില് പങ്കടുത്തു, എന്നാല്‍ ലഹരി ഉപയോഗിച്ചിട്ടില്ല എന്നാട് നടിമാർ സിസിബിക്ക് നല്‍കിയ മൊഴി.
ഈ സാഹചര്യത്തിലാണ് ഇരുവരെയും കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. രണ്ടുപേരുടെയും മുടിയിഴകൾ ശേഖരിച്ച് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. എത്രത്തോളം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നതടക്കം നിർണായക വിവരങ്ങൾ ഈ പരിശോധനയിലൂടെ വെളിപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam