Latest Videos

എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നു, 'നൈസായി' സാനിറ്റൈസുറമായി മുങ്ങുന്നു; മോഷണ ദൃശ്യം പുറത്ത്

By Web TeamFirst Published Apr 30, 2021, 2:35 AM IST
Highlights

കക്കോടിയില്‍ എസ്ബിഐ എടിഎമ്മിലെത്തിയാള്‍ പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്നതും സാമാന്യം തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്‍റെ ബോട്ടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കോഴിക്കോട്: കൊവിഡ് പടര്‍ന്ന് പിടിക്കുമ്പോള്‍ സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസര്‍ മോഷണം വ്യാപകമാകുന്നു. കോഴിക്കോട് കക്കോടിയിലെ എസ്ബിഐ എടിമ്മില്‍ നിന്ന് ഒറ്റ ദിവസം രണ്ട് അര ലിറ്റര്‍ സാനിറ്റൈസര്‍ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കക്കോടിയില്‍ എസ്ബിഐ എടിഎമ്മിലെത്തിയാള്‍ പണമെടുത്ത് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകുന്നതും സാമാന്യം തിരക്കുള്ള സമയമായിട്ട് കൂടി അര ലിറ്റര്‍ സാനിറ്റൈസറിന്‍റെ ബോട്ടിലുമെടുത്ത് ഒന്നുമറിയാത്ത പോലെ നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രണ്ടാമന്‍ ആദ്യം എടിഎമ്മില്‍ നിന്ന് പണം എടുക്കുന്നത് പോലെ അഭിനയിച്ചു.

അവിടെയുണ്ടായിരുന്ന ഒരു കുപ്പി സാനിറ്റൈസര്‍ ഇയാളും കൊണ്ടുപോയി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. ധാരാളം ആളുകള്‍ക്ക് ഉപയോഗിക്കേണ്ടതിനാല്‍ മിക്കവാറും അരലിറ്ററിന്‍റെ സാനിറ്റൈസറാണ് എടിഎമ്മുകളില്‍ വയ്ക്കുന്നത്. എന്നാല്‍, ചില പ്രദേശങ്ങളില്‍ സാനിറ്റൈസര്‍ വയ്ക്കുന്നതിന് പിന്നാലെ അടിച്ചുകൊണ്ടുപോകും. സാനിറ്റൈസര്‍ വയ്ക്കുന്ന സമയത്ത് തന്നെ എടുത്തുകൊണ്ടുപോകുന്ന സ്ഥലങ്ങളും ഉണ്ടെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു.

എടിഎമ്മില്‍ സാനിറ്റൈസര്‍ ഇല്ലാതാവുന്നതോടെ കൊവിഡ് പടര്‍ന്ന് പിടിക്കുന്ന കോഴിക്കോടടക്കമുള്ള ബാങ്കുകളിലേക്ക് ഇടപാടുകാര്‍ എത്തി ജീവനക്കാരെ വഴക്ക് പറയാന്‍ തുടങ്ങും. അങ്ങനെയാണ് ജീവനക്കാര്‍ സിസിടിവി പരിശോധിച്ചതും സാനിറ്റൈസര്‍ മോഷണം കയ്യോടെ പിടികൂടിയതും. ഇതുവരെ പൊലീസിലൊന്നും പരാതി നല്‍കിയില്ലെങ്കിലും ഇങ്ങനെ തുടര്‍ന്നാല്‍ മറ്റ് വഴിയില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

click me!