സനുമോഹനെ വലയിലാക്കി പൊലീസ്; പിടിയിലായത് കർണ്ണാടകയിലെ കാർവാറിൽ നിന്ന്, കൊച്ചിയിലെത്തിക്കും

By Web TeamFirst Published Apr 18, 2021, 2:30 PM IST
Highlights

കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്.

കാസർകോട്: എറണാകുളം മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനെ പിടികൂടി. കർണ്ണാടകയിലെ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്ക് പോയ സനുമോഹൻ ഇവിടെ നിന്നാണ് കാർവാറിലെത്തിയത്. മൂകാംബികയിലെ ലോഡ്ജിൽ വച്ചാണ് ഇയാൾ തിരിച്ചറിയപ്പെട്ടത് തുടർന്ന് ഇവിടെ നിന്ന് മുങ്ങിയതോടെ കർണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചിലാണ് നടത്തിയത്.,

വൈഗയുട ദൂരൂഹ മരണത്തിൽ തങ്ങളെ വട്ടംകറക്കിയ സനുമോഹനെ ഒടുവിൽ പിടികൂടാനായത് പോലീസിന് ആശ്വാസമാണ്. കൊല്ലൂരിലെ മൂകാംബികയിൽ  ഹോട്ടലിൽ നിന്ന് കടന്നു കളഞ്ഞ സനുമോഹൻ സ്വകാര്യ ബസ്സിൽ ഉഡുപ്പിയിലെ വനമേഖലയിലെത്തി. പോലീസിന്‍റെ കണ്ണുവെട്ടിച്ച് അവിടെ നിന്ന് സനുമോഹൻ ഇന്ന് പുലർച്ചെയോടെ ടാക്സി വിളിച്ച് കാർവാറിലേക്ക് പോയി. എന്നാൽ കൃത്യമായ സൂചനകൾ ലഭിച്ച കർണാടക പോലീസ് സനുമോഹനെ കാത്ത് കാർവാറിലുണ്ടായിരുന്നു. നേരത്തെ തന്നെ കർണാടകയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത നിർദേശം നൽകിയിരുന്നു. പിടികൂടിയ സനുമോഹനെ രാവിലെ 11 മണിക്ക് കേരള പോലീസിന് കൈമാറി. എന്നാൽ സനുമോഹനെ കണ്ടെത്തിയ കാര്യം കേരള പോലീസ് അതീവ രഹസ്യമായി വെച്ചു. ഈ സമയം കർണാകയിലെ ആറിടങ്ങളിൽ സനുമോഹനായി വ്യാപക തെരച്ചിൽ നടക്കുകയായിരുന്നു.

സനുമോഹൻ അസ്വാഭാവികമായി പെരുമാറിയിട്ടില്ലെന്ന് ഇയാൾ താമസിച്ച മൂകാംബികയിലെ ഹോട്ടൽ മാനേജർ പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു നാളെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. വൈഗയുടെ ദൂരൂഹ മരണത്തിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും സനുമോഹനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരുമെന്നാണ് പോലീസിന്‍റെ പ്രതീക്ഷ. സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

click me!