
കണ്ണൂർ: കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീർന്നിട്ടില്ല വത്സരാജിന്. കൊച്ചുമകന്റെ മരണവാർത്ത ഈ മുത്തശനെ തെല്ലൊന്നുമല്ല ഉലച്ചത്. എന്നാൽ സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണ് കൊച്ചുമകൻ മരിച്ചതെന്ന വാർത്ത ആ മനുഷ്യന്റെ നെഞ്ച് തകർത്തു. ക്രൂരകൃത്യം ചെയ്തവൾ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണ് വത്സരാജ്. കണ്ണൂരിൽ ഒന്നര വയസുകാരൻ വിവാനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ് പറഞ്ഞു.
"അവളെ തൂക്കിക്കൊല്ലാൻ കൊടുക്കുന്നുണ്ടെങ്കിൽ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവൾ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവൾക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്."
"കടലിൽ പണിയെടുത്താണ് അവളെ പൊന്നുപോലെ വളർത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെൺകുട്ടി ഇനി ഭൂമിയിൽ ഉണ്ടാകാൻ പാടില്ല," വത്സരാജ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam