
ഡെറാഡൂണ്‍: എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പലതവണ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു സംഘം എസ്ബിഐ എടിഎം മെഷീന്‍ കയ്യോടെ എടുത്തുകൊണ്ടുപോയി മോഷണം നടത്തുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് എടിഎം മെഷീന്‍റെ ഭാഗങ്ങള്‍ കടത്തിയത്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. മുഖം മറച്ച മൂന്ന് പേരെ സിസിടിവി ദൃശ്യത്തില്‍ കാണാം. മുഖംമൂടിയും ഷാളും ധരിച്ച ഒരാള്‍ എടിഎം മെഷീന്‍റെ ഒരു ഭാഗവുമായി ഓടുന്നതാണ് ദൃശ്യത്തിന്‍റെ തുടക്കത്തിലുള്ളത്. പിന്നാലെ രണ്ട് പേര്‍ കൂടി ഓടിയെത്തി. കിയോസ്കില്‍ നിന്ന് മുറിച്ചെടുത്ത ഭാഗങ്ങള്‍ കാറിലേക്കാണ് സംഘം കയറ്റിയത്.
സംഭവത്തെ കുറിച്ച് ഹരിദ്വാർ പൊലീസ് സൂപ്രണ്ട് (റൂറൽ) സ്വപ്‌ൻ കിഷോർ സിംഗ് പറഞ്ഞതിങ്ങനെ- ഹരിദ്വാർ ജില്ലയിലെ ദന്ധേരയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നാലോ അഞ്ചോ പേരടങ്ങുന്ന സംഘം എത്തി. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ പല കഷ്ണങ്ങളായി മുറിച്ചു. എന്നിട്ട് ഓടി സ്കോര്‍പിയോയില്‍ കയറി രക്ഷപ്പെട്ടു. എടിഎം മെഷീനില്‍ ലക്ഷക്കണക്കിന് രൂപയുണ്ടായിരുന്നു. കൃത്യമായി എത്ര എന്ന വിവരം ബാങ്കില്‍ നിന്ന് തേടും. കാര്‍ പോയ വഴിക്കുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
എടിഎം മെഷീന്‍റെ ഭാഗങ്ങള്‍ കയറ്റിയ ശേഷം അതിവേഗതയിലാണ് കാര്‍ മുന്നോട്ടെടുത്തത്.പൊലീസ് അന്വേഷണം തുടങ്ങിയെന്നും എത്രയും വേഗം മോഷ്ടാക്കളെ പിടികൂടുമെന്നും എസ് പി പറഞ്ഞു.