
മീററ്റ്: ശമ്പളം ചോദിച്ച അധ്യാപകരെ സ്കൂള്‍ മാനേജ്മെന്‍റ് ശുചിമുറിയിലെ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്നതായി പരാതി. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം. അധ്യാപികമാരുടെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ മാനേജ്മെന്‍റ് ശമ്പളം ചോദിക്കുമ്പോള്‍ ഇത് കാണിച്ചാണ് ഭീഷണിപ്പെടുത്തുന്നതെന്നാണ് പരാതി. 52 അധ്യാപികമാരാണ് പരാതിയുമായി എത്തിയിട്ടുള്ളത്.
മാസങ്ങളായി ഇവര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നാണ് അധ്യാപികമാര്‍ വിശദമാക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റ് സെക്രട്ടറിക്കെതിരെയും മകനെതിരേയും പൊലീസ് എഫഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലൈംഗിക പീഡനത്തിനും ഒളിഞ്ഞ് നോട്ടത്തിനും കരുതിക്കൂട്ടിയുള്ള അപമാനിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് സ്കൂള്‍ സെക്രട്ടറി പറയുന്നത്. കൊവിഡ് വ്യാപനവും ലോക്ഡൌണും സൃഷ്ടിച്ച പ്രത്യേക സാഹചര്യം കാരണമാണ് ശമ്പളം നല്‍കാന്‍ സാധിക്കാത്തതെന്നും ഇയാള്‍ പറയുന്നത്. അധ്യാപികമാരുടെ ശുചിമുറിയില്‍ സിസിടിവിയോ മറ്റ് ക്യാമറയോ സ്ഥാപിച്ചിട്ടില്ലെന്നും എന്നാല്‍ പുരുഷ അധ്യാപകരുടെ ശുചിമുറിയില്‍ ക്യാമറയുണ്ടെന്നും സെക്രട്ടറി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.
സ്കൂളുകളില്‍ അക്രമം വര്‍ധിച്ച സാഹചര്യത്തിലാണ് ഇതെന്നും സെക്രട്ടറി വിശദമാക്കുന്നു. 2017ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേത് പോലെ വിദ്യാര്‍ഥികളോട് മുടി വെട്ടാന്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് ഈ സ്കൂള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ടീം സ്കൂളില്‍ എത്തി പരിശോധന നടത്തുമെന്നും പൊലീസ് വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam