സീരിയൽ നടിയും കൊലകേസ് പ്രതിയും വ്യാജ മദ്യം വാറ്റിയതിന് പിടിയില്‍

By Web TeamFirst Published May 15, 2020, 1:00 AM IST
Highlights

സീരിയൽ ജുനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ വ്യാജമദ്യ വേട്ട.  നെയ്യാറ്റിൻകരയിൽ 400 ലിറ്റർ കോടയും പാങ്ങോട് 1010 ലിറ്റർ കോടയും എക്സൈസ് പിടിച്ചെടുത്തു. കൊലകേസിലെ പ്രതിയും സീരിയൽ നടിയുമാണ് നെയ്യാറ്റിൻകരയിലെ ചാരായ വാറ്റ് കേന്ദ്രത്തിൽ നിന്നും പിടിയിലായത്. 4oo ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിൻകര ആര്യൻകോട് നിന്ന് പിടിച്ചെടുത്തത്. 

വെള്ളറട സ്വദേശി വിശാഖിനേയും ചെമ്പൂര് സ്വദേശി സിനിയെയും ആണ് പിടികൂടിയത്. രണ്ട് വർഷം മുൻപ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് വിശാഖ്. സീരിയൽ ജുനിയർ ആർട്ടിസ്റ്റും നാടകനടിയുമാണ് പിടിയിലായ സിനി. ലോക് ഡൗൺ തുടങ്ങിയതു മുതൽ ചെമ്പൂർ, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇവർ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു

പാങ്ങോട് കാഞ്ചിനടയിൽ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റർ ചാരായവും 1100 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ഇവിടെ വ്യാജവാറ്റ് സജീവമാണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വനത്തോട് ചേർന്ന് വാറ്റു കേന്ദ്രം കണ്ടെത്തിയത്. വാറ്റ് കേന്ദ്രത്തിലുണ്ടായിരുന്നവർ എക്സൈസ് സംഘത്തെ കണ്ടതോടെ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. കൊച്ചാലുംമൂട് സ്വദേശി നൂഹ് കണ്ണ്, മകൻ ഇർഷാദ്, കാഞ്ചിനട സ്വദേശി ശശി എന്നിവരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

click me!