
ബെംഗളൂരു: വനിതാ ഹോം ഗാര്‍ഡിനെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്ന് പരാതി. ബെംഗളൂരു നഗരത്തിലെ വനിതാ ഹോംഗാര്‍ഡാണ് രണ്ട് സഹപ്രവര്‍ത്തകര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതായി കഴിഞ്ഞദിവസം ജയനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഹോംഗാര്‍ഡുമാരായ വൈ.കെ.നഞ്ചഗൗഡ(30), സതീഷ്(28) എന്നിവര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.
സഹപ്രവര്‍ത്തകരായ ഇരുവരും കഴിഞ്ഞ ഒരുമാസമായി മാനസികമായി ഉപദ്രവിക്കുകയാണെന്നും ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്നും യുവതി തന്‍റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ പോലെ തന്നെ പരിചരിക്കണമെന്നാണ് ഹോം ഗാര്‍ഡായ നഞ്ചഗൗഡ യുവതിയോട് ആവശ്യപ്പെട്ടത്. നഞ്ചഗൗഡയുടെ ആഗ്രഹങ്ങള്‍ സാധിച്ചുനല്‍കണമെന്ന് സതീഷും നിര്‍ബന്ധിച്ചു. ജോലിയില്‍ മികച്ച ഭാവിയുണ്ടാകണമെങ്കില്‍ അത് വേണമെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്.
ഇതിനിടെ കഴിഞ്ഞദിവസം ഇരുവരും യുവതിയെ ഒരു യാത്രയ്ക്ക് ക്ഷണിച്ചു. സ്‌പെഷ്യല്‍ ഡ്യൂട്ടിയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞ് തങ്ങളോടൊപ്പം യാത്രയ്ക്ക് വരണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. ഇതോടെയാണ് വനിതാ ഹോംഗാര്‍ഡ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം പകുതി മുതല്‍ ഇരുവരും ചേര്‍ന്ന് തന്നെ മാനസികമായി ഉപദ്രവിക്കുന്നുണ്ടെന്നാണ് വനിതാ ഹോംഗാര്‍ഡിന്റെ പരാതി.
യുവതിയുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെയും കേസെടുത്തതായും പ്രതികളിലൊരാളെ നഞ്ചഗൗഡയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.