
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ (KSRTC Bus) യാത്ര ചെയ്യുന്നതിനിടെ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം (Sexual Abuse). ബസില്‍ ഉണ്ടായിരുന്നയാള്‍ കടന്ന് പിടിച്ചെന്ന് കോളേജ് അധ്യാപികയായ യുവതി പറയുന്നു. അതിക്രമത്തിനെതിരെ പ്രതികരിച്ചിട്ടും കണ്ടക്ടർ ഉള്‍പ്പടെ ആരും പിന്തുണച്ചില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്കാണ് മോശം അനുഭവം ഉണ്ടായത്. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. ഫേസ്ബുക്കിലൂടെയായിരുന്നു യുവതി ആദ്യം പ്രതികരിച്ചത്. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടർ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്നും കണ്ടക്ടർ വേദനിപ്പിച്ച് സംസാരിച്ചെന്നും അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ഇയാൾക്കെതിരെ കെഎസ്ആർടിസിക്കും പൊലീസിനും പരാതി നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
അതിക്രമത്തേക്കാൾ മുറിവേൽപ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തിൽ നിന്ന് മോചിതയായില്ലെന്ന് അധ്യാപിക പറയുന്നു. ബസ് ജീവനക്കാരോട് പരാതിപ്പെട്ടിട്ട് പൊലീസിൽ അറിയിക്കുന്നതിന് പകരം പ്രശ്നം ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്നും അധ്യാപിക പറഞ്ഞു. രാത്രിയിൽ ഹൈവേ പൊലീസ് നിൽക്കുന്നിടത്ത് വാഹനം നിർത്തിയപ്പോഴും പരാതി സ്വീകരിച്ച് നിയമനടപടിയിലേക്ക് കടക്കാൻ തയ്യാറായില്ലെന്ന് അധ്യാപിക പറഞ്ഞു. തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ സംഭവത്തിനെതിരെ പ്രതികരിച്ചില്ലെന്നും അതാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറഞ്ഞു.
Also Read: '2017 മുതൽ ലൈംഗിക പീഡനം, ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ബലാത്സംഗത്തിന് കേസ്, പരാതിക്കാർ 6 പേർ
സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും അധ്യാപിക പറഞ്ഞു. അതേസമയം, കെഎസ്ആർടിസി ബസിലെ കണ്ടക്ടർ സ്വീകരിച്ച നിലപാടിനെ ശക്തമായി വിമർശിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു രംഗത്തെത്തി. കണ്ടക്ടർക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. വിവരം അറിഞ്ഞ ഉടന്‍ യുവതിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സംഭവത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് എംഡിയോട് അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവം ഗൗരമായി എടുക്കുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ആര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. ഇത്തരമൊരു സംഭവം ഉണ്ടായാല്‍ കണ്ടക്ടർ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: ഫ്രാങ്കോ കേസില്‍ ഇരയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു; കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കി
Also Read: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു, പൂജാരി അറസ്റ്റിൽ