Asianet News MalayalamAsianet News Malayalam

Franco Mulakkal : ഫ്രാങ്കോ കേസില്‍ ഇരയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു; കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കി

രണ്ട് കന്യാസ്ത്രികളെ പ്രതിചേർത്താണ് കുറവിലങ്ങാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. സിസ്റ്റർ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

Case against Franco mulakkal court dismissed the case alleging disclosure of the complainants details
Author
Kochi, First Published Mar 5, 2022, 3:25 PM IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. രണ്ട് കന്യാസ്ത്രികളെ പ്രതിചേർത്താണ് കുറവിലങ്ങാട് പൊലീസ് നേരത്തെ കേസെടുത്തിരുന്നത്. സിസ്റ്റർ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്.

ബിഷപ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രതി ചേർക്കപ്പെട്ട രണ്ട് കന്യാസ്ത്രികൾ ഇ - മെയില്‍ ചെയ്തിരുന്നു. അയച്ച ഇ - മെയില്‍ സന്ദേശത്തില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയിരുന്നില്ല. ചിത്രമുണ്ടായിരുന്നെങ്കിലും ഇരയുടെ പേരും ചിത്രങ്ങളും വെളിപ്പെടുത്തരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ പ്രസ്തുത ഇ - മെയില്‍ സന്ദേശം സ്വകാര്യ ആശയവിനിമയമാണെന്ന് വിലയിരുത്തിയാണ് ഹൈകോടതി കേസ് റദ്ദാക്കിയത്.

ഇക്കഴിഞ്ഞ ജനുവരി പതിനാലിനാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി  പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനിൽക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം  അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബിഷപ്പെന്ന തന്‍റെ അധികാരമുപയോഗിച്ച് ബിഷപ്പ് ബലാത്സംഗം ചെയ്തെന്നും 2014 മുതൽ 16 വരെയുളള കാലഘട്ടത്തിൽ തുടർച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നുമായിരുന്നു കോടതിയിൽ പ്രോസിക്യൂഷന്‍റെ പ്രധാന വാദം. ഇരയെ തടഞ്ഞുവെച്ചെന്നും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമായിരുന്നു മറ്റാരോപണങ്ങൾ. ഏന്നാൽ ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ടത്.

 

Follow Us:
Download App:
  • android
  • ios