കോഴിക്കോട്: ജോളിയെച്ചൊല്ലി ഷാജുവും ആദ്യഭാര്യ സിലിയുടെ കുടുംബവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്ത്. ഷാജുവും ജോളിയും തമ്മിൽ നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നും സിലിയുടെ സഹോദരൻ സിജോ പറയുന്നത് തെറ്റാണെന്ന് ഷാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നമ്മൾ വിവാഹിതരായാൽ നന്നായിരിക്കുമെന്ന് സിജോയുടെ കുടുംബമടക്കം പറയുന്നുണ്ടെന്ന് പറഞ്ഞ് തന്നെ സമീപിച്ചത് ജോളിയാണെന്ന് ഷാജു ആവർത്തിച്ചു.
റബ്ബർ ബോർഡിലാണ് സിജോയ്ക്ക് ജോലി. കോഴിക്കോട്ടെ റബ്ബർ ബോർഡിന്‍റെ ഓഫീസിലെത്തി ഞാൻ സിജോയെ കണ്ടു. ഈ വിവാഹത്തിൽ ഒരു എതിർപ്പുമില്ലെന്ന് സിജോ എന്നോട് പറഞ്ഞു. അവരുടെ കുടുംബത്തിന് അതിൽ എതിർപ്പില്ല. തന്നെ വിവാഹം കഴിച്ചാൽ കൂടത്തായിയിലെ വീട്ടിൽത്തന്നെ താമസിക്കാമല്ലോ എന്ന് ജോളി പറഞ്ഞു. അതും നല്ലതാണെന്ന് സിജോയും പറഞ്ഞു.
ജോളിയെ വിവാഹം ചെയ്യുന്നതിൽ സിലിയുടെ അച്ഛനുമമ്മയ്ക്കും എതിർപ്പില്ലായിരുന്നു. വീട്ടുകാരെ എപ്പോഴാണ് ഈ വിവരം അറിയിക്കണ്ടത് എന്നതടക്കം ഞങ്ങൾ ചർച്ച ചെയ്തു. തുടർന്ന് സിലിയുടെ മരണത്തിന് ഒരു വർഷം കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിക്കുകയായിരുന്നു - ഷാജു പറഞ്ഞു.
എന്‍റെ മകനുമായി ബന്ധപ്പെട്ട് മാത്രമേ ഞാൻ കൂടത്തായിയിലെ വീട്ടിൽ പോയിട്ടുള്ളൂ. അതല്ലെങ്കിൽ ജോളി വിളിച്ചാൽ പോകുമായിരുന്നു. അതെല്ലാം പകൽ സമയത്താണ്.
വിവാഹത്തിന് സിജോ വരാമെന്ന് പറഞ്ഞിരുന്നതാണ്. പിന്നീട് പിൻമാറി. ബന്ധുക്കൾ വഴക്ക് പറയുമെന്ന് പറഞ്ഞാണ് വരാതിരുന്നത്. പക്ഷേ വിവാഹത്തിന് മനസ്സു കൊണ്ട് എല്ലാ പിന്തുണയുമുണ്ടാകുമെന്നും സിജോ പറഞ്ഞെന്നും ഷാജു പറഞ്ഞു.
എന്നാൽ ഷാജുവും ജോളിയും തമ്മിലുള്ള അടുത്ത ബന്ധം കണ്ടാണ് വിവാഹത്തെ എതിർക്കാതിരുന്നതെന്നാണ് സിലിയുടെ സഹോദരൻ നേരത്തേ വ്യക്തമാക്കിയിരുന്നത്. കുട്ടികളുടെ ഭാവി കൂടി കണക്കിലെടുത്തിരുന്നു. ജോളി വന്നെങ്കിൽ കുട്ടികൾക്ക് ഒരമ്മയായേനെ എന്ന് കരുതിയിരുന്നു. അതിനാലാണ് വിവാഹത്തെ പിന്തുണച്ചതെന്നും സിജോ നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
അതേസമയം, ജോളിയും ഷാജുവും നേരത്തേ പ്രണയത്തിലായിരുന്നുവെന്ന് റോയ് തോമസിന്‍റെ സഹോദരി റെഞ്ചി പറഞ്ഞു. സിലി മരിച്ചപ്പോൾ ഒരുക്കിക്കിടത്തിയത് പോലും ജോളിയാണ്. നിഗൂഢമായ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു. അവർ ഒന്നിച്ചാണ് സിലിയ്ക്ക് അന്ത്യചുംബനം നൽകിയതെന്നും റെഞ്ചി പറഞ്ഞിരുന്നതാണ്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും പിന്നീട് പുറത്തു വന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam