
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിലെ യുവാവിന്‍റെ മരണത്തിൽ വഴിത്തിരിവ്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്ന് ഷരോണിന്റെ പെണ്‍സുഹൃത്ത് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാർ ഉടന്‍ റൂറൽ എസ് പി ഓഫീസിലെത്തും.
അതേ സമയം ഇന്നലെയാണ് പൊലീസിന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴി ലഭിച്ചത്. ഇത് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അടക്കം നിര്‍ണ്ണായകമായി. അതിന്റെ അടിസ്ഥാനത്തിലായിരുന്നു അവധിദിവസമായിട്ടും ഗ്രീഷ്മയെയും കുടുംബാങ്ങളെയും ഇന്ന് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കോപ്പര്‍ സള്‍ഫേറ്റ് (തുരിശ്ശ്) ആണ് ഷരോണിന്‍റെ മരണത്തിന് കാരണമായ വിഷം എന്നാണ് ഡോക്ടര്‍മാര്‍ വെളിവാക്കിയത്.
കോപ്പർ സൾഫേറ്റ് അഥവ തുരിശ് ഒരു ശക്തമായ ഓക്സിഡൈസിംഗ് ഏജന്റാണ്. കഴിക്കുന്ന ഡോസിനെ ആശ്രയിച്ച്, ഇത് വ്യാപകമായ ശരീരത്തിലെ സെല്ലുകളെ നയിച്ചേക്കാം. വിഷബാധയുടെ വ്യവസ്ഥാപരമായ ഫലങ്ങൾ പ്രധാനമായും ചുവന്ന രക്താണുക്കൾ, ദഹനനാളം, വൃക്കകൾ, ഹൃദയ സിസ്റ്റങ്ങൾ എന്നിവയിൽ കാണപ്പെടും. ഇത് ആന്തരിക പരിശോധനയില്‍ വ്യക്തമാകും. വലിയ അളവിൽ കോപ്പർ സൾഫേറ്റ് ശരീരത്തില്‍ എത്തുന്നത് ഓക്കാനം, ഛർദ്ദി എന്നീ ലക്ഷണങ്ങള്‍ പുറത്തും. ശരീരത്തില്‍ രക്തകോശങ്ങൾ, കരൾ, വൃക്കകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തും.
എവിടുന്നാണ് വിഷം ഗ്രീഷ്മയ്ക്ക് ലഭിച്ചത് എന്നത് സംബന്ധിച്ചും പൊലീസിന് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ അമ്മാവന്‍ കൃഷി ആവശ്യത്തിനായി വാങ്ങിയ കീടനാശിനിയാണ് ഷരോണിന് കഷയത്തില്‍ കലക്കി നല്‍കിയത് എന്നാണ് വിവരം. അതിന് ശാസ്ത്രീയ തെളിവുകള്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.
ഷാരോണിന്‍റെ മരണത്തിൽ വഴിത്തിരിവ്; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഷരോണ്‍ മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന ഗ്രീഷ്മയുടെ കൂടുതൽ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിൻ്റെ ബന്ധുക്കൾ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത. വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരിൽ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
'സംശയിച്ച കാര്യങ്ങള്‍ സത്യമെന്ന് തെളിഞ്ഞു', ഷാരോണിന്‍റെ അമ്മ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam