
തിരുവനന്തപുരം: മാറനല്ലൂർ സ്വദേശി ഷിജുവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിലായി. നെയ്യാറിലായിരുന്നു ഷിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്ക് കണ്ടതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയതും പ്രതികളെ കുടുക്കിയതും. ഒരുമിച്ച് മദ്യപിക്കുമ്പോൾ ഷിജുവിന്റെ പക്കലുണ്ടായിരുന്ന പണം കൈക്കലാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
നെയ്യാറ്റിൻകര തത്തിയൂർ സ്വദേശികളായ ഷിജിൻ , മോഹനൻ എന്നിവരാണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. മെയ് മൂന്നാം തീയതി രാത്രിയാണ് നെയ്യാറ്റിൻകര കന്നിപ്പുറംകടവിൽ മാറനല്ലൂർ സ്വദേശിയായ 32കാരൻ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുപ്പതാം തീയതി ഷിജുവിനെ കാണാനില്ലെന്ന പരാതി മാറനല്ലൂർ പൊലീസിന് ലഭിച്ചിരുന്നു.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയായിരുന്നു ഷിജുവിന്റെ മൃതദേഹം കിട്ടിയത്. ദുരൂഹത സംശയിച്ച പൊലീസ് നടത്തിയ വിശദമായ അന്വേഷങ്ങൾക്ക് ഒടുവിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സംഭവം നടക്കുന്ന അന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സമീപമുള്ള ബവ്റേജസിന് സമീപം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
മദ്യപാനത്തിനിടെ ഷിജുവിന്റെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാൻ ഷിജിനും മോഹനും ശ്രമിച്ചു. ഇതിനിടെ ഷിജുവിനെ ഇവർ അടിച്ചുകൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദഹേം പൊലിസ് സ്റ്റേഷന് പുറകിലായുള്ള ആറ്റിൽ തള്ളി. പോസ്റ്റ്മോർട്ടത്തിൽ മൃതദഹേത്തിൽ ചതവും പരിക്കുകളും കണ്ടെത്തിയിരുന്നു. ഒപ്പം വെള്ളത്തിൽ മുങ്ങിയല്ല മരണമെന്നും ഉറപ്പിച്ചു. പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ഷിജിനും മോഹനും നിരവധി അടിപിടി, പിടിച്ചുപറി കേസുകളിൽ പ്രതികളാണ്.
11 വയസ്സുകാരന് നേരെ ജാതി അതിക്ഷേപം, തീപ്പൊളളലേൽപ്പിച്ചു, മൂന്ന് പേർക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട്ടിൽ 11 വയസ്സുള്ള ആൺകുട്ടിക്ക് നേരെ ജാതി അധിക്ഷേപം. കുട്ടിയെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ടതിന് മൂന്ന് പ്രായപൂർത്തിയാകാത്തവർക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. അക്രമികളും ഇതേ സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് 11 വയസ്സുള്ള കുട്ടി മുത്തശ്ശിയെ കാണാൻ വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ് പറഞ്ഞു. മുതുകിലും നെഞ്ചിലും തോളിലും പൊള്ളലേറ്റ് പിന്നീട് വീട്ടിലെത്തിയ കുട്ടിയെ കണ്ട് മാതാപിതാക്കൾ ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ, തീപിടിച്ച കുറ്റിക്കാട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നുവെന്നാണ് ആദ്യം കുട്ടി പറഞ്ഞു.
കുട്ടിയെ ചികിത്സയ്ക്കായി തിണ്ടിവനം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ സ്‌കൂളിലെ രണ്ട് ഉയർന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾ തന്നെ ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് നിരവധി തവണ നിർബന്ധിച്ചതിനൊടുവിൽ വെളിപ്പെടുത്തി. അന്ന് കുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് കണ്ട ആൺകുട്ടികൾ അവനെ കുറ്റിക്കാട്ടിലെ തീയിലേക്ക് തള്ളിയിടുകയായിരുന്നു.
കുട്ടിയുടെ ഷർട്ടിന് ഉടൻ തീപിടിച്ചു. ശരീരത്തിൽ പൊള്ളലേറ്റു. തൊടുത്തുള്ള വെള്ളം നിറച്ച ടാങ്കിലേക്ക് ചാടി കുട്ടി സ്വയം രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവ് പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. കുട്ടിയുടെ മൊഴിയെടുത്ത ശേഷം, മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 324 പ്രകാരവും എസ്‌സി/എസ്ടി നിയമത്തിലെ സെക്ഷൻ 3 (1) (ആർ) (എസ്) പ്രകാരവും കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam