
കോട്ടയം: ആലപ്പുഴ കായംകുളത്ത് കഴിഞ്ഞ ദിവസം മൊബൈൽ ടവറിന് മുകളിൽ കയറി ഒരു സ്ത്രീ ആത്മഹത്യാ ഭീഷണി മുഴക്കിയ ദൃശ്യങ്ങൾ വൈറലായിരുന്നു. കടന്നൽ കുത്തേറ്റതോടെ സ്ത്രീ താഴേക്ക് ചാടുന്നത് ചെറു തമാശയോടെയൊക്കെയാകാം പലരും കണ്ടിരുന്നത്. പക്ഷേ ഒരുപാട് സങ്കടങ്ങളുമായാണ് ആ സ്ത്രീ, ആ അമ്മ മൊബൈൽ ടവറിന് മുകളിൽ കയറിയത്. തന്‍റെ കുഞ്ഞിനെ, കുട്ടിയുടെ അച്ഛൻ എടുത്തുകൊണ്ടുപോയെന്ന പരാതി പോലീസ് അവഗണിച്ചത്തിൽ മനംനൊന്താണ് ആത്മഹത്യക്കു ശ്രമിച്ചതെന്ന് ടവറിൽ കയറിയ അൻപ് റോസി പറയുന്നു. ഭർത്താവ് തന്നെയും മകനെയും പീഡിപ്പിക്കുക പതിവായിരുന്നെന്നും അൻപ് റോസി കണ്ണൂരോടെ പറയുന്നു.
ഇന്നലെ വൈകിട്ടാണ് കായംകുളത്തു മൊബൈൽ ടവറിൽ കയറി 22കാരിയായ അൻപ് റോസി ആത്മഹത്യ ഭീഷണി മുഴക്കിയത്. പെട്രോൾ നിറച്ച കുപ്പിയുമയാണ് കയറിയത്. കടന്നൽ കൂടു ഇളകിയത്തോടെ താഴോട്ട് ചാടുകയായിരുന്നു. വിഷു തലേന്നാണ് ഭർത്താവ് വിജയ് മണി മൂന്ന് വയസുള്ള മകനെ തന്നിൽ നിന്നും തട്ടിയെടുത്തത്. തിരൂരിലെ തന്റെ സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം.
ഇയാൾ തമിഴ് നാട്ടിലെ കിള്ളിക്കുറിച്ചിയിലെ വീട്ടിൽ ഉണ്ടെന്നും കുഞ്ഞിനെ തിരിച്ചു കിട്ടാൻ പോലീസ് നടപടി എടുക്കണം എന്നുമാണ് ആവശ്യം. മലപ്പുറം, ആലപ്പുഴ എസ് പി മാർക്ക് പരാതി നൽകിയെങ്കിലും അവഗണിക്കുന്നു എന്നാണ് ആക്ഷേപം. നേരത്തെയും ഭർത്താവ് വിജയ് മണി തന്നെയും കുഞ്ഞിനേയും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നു അൻപ് റോസി പറഞ്ഞു.
ഗർഭിണിയായിരുന്ന കാലത്ത് തന്റെ വയറ്റിൽ ചവിട്ടി. കുഞ്ഞിന്റെ ശരീരത്ത് സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അത് കൊണ്ട് തന്നെ കുഞ്ഞിന്റെ ജീവൻ അപകടത്തിൽ ആണെന്നും അൻപ് റോസി പറയുന്നു. കായംകുളത്തെ ചില സുഹൃത്തുക്കൾ ചേർന്നാണ് അൻപ് റോസിയെ കോട്ടയത്തു എത്തിച്ചത്. ഇപ്പോൾ ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്.
കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ കൂടുതൽ വിശദാംശങ്ങളറിയാൻ ബാലിസ്റ്റിക് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു.
തൊണ്ടയാട്ടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ കോഴിക്കോട് എ.ആർ ക്യാംപിലെ ഫയറിംഗ് വിദഗ്ധർ പരിശോധിച്ചു. വെടിയുണ്ടകൾ മോഷ്ടിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. പൂനെയിലെ ആയുധ ഫാക്ടറിലും ഇംഗ്ലണ്ടിലും നിർമ്മിച്ചവയെന്ന് കണ്ടെത്തിയങ്കിലും ഇവയുടെ കാലപ്പഴക്കം, വിതരണം ചെയ്തയിടങ്ങൾ എന്നിവ കൃത്യമായി കണ്ടെത്താനാണ് ബാലിസ്റ്റിക് പരിശോധന .ഇതിനായി വെടിയുണ്ടകൾ തിരുവനന്തപുരത്തേക്കയക്കും.
ലൈസൻസുളള വ്യക്തികൾക്ക് ഇവ വാങ്ങാമെങ്കിലും ഇത്രയധികം എങ്ങിനെയെത്തിയെന്നതാണ് ദുരൂഹതയുയർത്തുന്നത്. വെടിയുണ്ടകൾ കണ്ടെത്തിയയിടം ജനവാസകേന്ദ്രമായതിനാൽ പരിശീലനം നടത്താന്‍ സാധ്യമല്ലെന്നാണ് ജില്ല ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. വെടിയുണ്ടകൾ കണ്ടെത്തിയ പ്രദേശം ബിജെപി നേതാക്കൾ സന്ദർശിച്ചു. സംഭവത്തിന് പുറകിൽ തീവ്രവാദ ബന്ധമുളളവരുണ്ടോയെന്ന് സംശയിക്കുന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും ബിജെപി ആവശ്യുപ്പെട്ടു.
പൊലീസുകാരുടെ കൈവശമുളള റൈഫിളുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന 0.22 ഇനത്തിൽപ്പെട്ട 266 വെടിയുണ്ടകളാണ് തൊണ്ടയാട്ടെ പറമ്പിൽ നിന്ന് കണ്ടെടുത്തത്. പരിശീലനത്തിനുപയോഗിക്കുന്ന ടാർഗറ്റും കണ്ടെത്തിയിരുന്നു. സമീപത്തെങ്ങും ഫയറിംഗ് പരിശീലനത്തിനുളള കേന്ദ്രമില്ലെന്നിരിക്കെ, ഇത്രയും വെടിയുണ്ടകൾ കണ്ടെത്തിയത് ദുരൂഹമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam