നാവികസേന ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്നെന്ന കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്

By Asianet MalayalamFirst Published Feb 26, 2021, 12:02 AM IST
Highlights

ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയി ചുട്ടു കൊന്നെന്ന കേസിൽ നിർണായക വഴിത്തിരിവ്. പണത്തിനായി തന്നെ തട്ടിക്കൊണ്ട് പോയതാണെന്ന നാവികൻ സൂരജ് കുമാറിന്‍റെ മൊഴി കള്ളമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ചെന്നൈ: ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയി ചുട്ടു കൊന്നെന്ന കേസിൽ നിർണായക വഴിത്തിരിവ്. പണത്തിനായി തന്നെ തട്ടിക്കൊണ്ട് പോയതാണെന്ന നാവികൻ സൂരജ് കുമാറിന്‍റെ മൊഴി കള്ളമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സാമ്പത്തിക ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനായി നാവികൻ കഥമെനയുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം.

റാഞ്ചി സ്വദേശിയായ തന്നെ കോയമ്പത്തൂരിലെ ജോലിസ്ഥലത്തേക്ക് പോവും വഴി ജനുവരി 31ന് ചെന്നൈയിൽ വച്ച് തട്ടിക്കൊണ്ട് പോയെന്നായിരുന്നു സൂരജിന്‍റെ മൊഴി. 10 ലക്ഷം രൂപ മോചനദ്രവ്യം നൽകാതിരുന്നതോടെ മഹാരാഷ്ട്രയിലെ പാൽഖറിലെ ഒരു കാട്ടിലെത്തിച്ച് തീകൊളുത്തിയെന്നാണ് മരിക്കും മുൻപ് പറഞ്ഞത്. 

എന്നാൽ ചെന്നൈയിൽ നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ തട്ടിക്കൊണ്ടുപോകുന്നതിന്‍റെ സൂചനകളില്ല. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുൻപ് വെല്ലൂരിൽ നാവികൻ ഒറ്റയ്ക്ക് ഹോട്ടൽ മുറിയെടുത്തതിനും തെളിവ് കിട്ടി. പാൽഖറിലേക്കുള്ള യാത്രാ മധ്യേ ഒരു പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങിയതിന്‍റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. 

തട്ടിക്കൊണ്ടുപോയ ആളെന്ന വ്യാജേന ബന്ധുക്കളെ ഫോണിൽ വിളിച്ചതും സൂരജ് തന്നെയാണ്. 24 ലക്ഷം രൂപ നാവികന് ബാധ്യതയുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓഹരി ഇടപാടുകൾക്കായി വൻതോതിൽ വായ്പ എടുത്തു. ഇത് തീർക്കാനായി 13 ബാങ്കുകളെ ലോണിനായി സമീപിച്ചു. ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാനായി ഒരു കഥമെനഞ്ഞതാണെന്നും ഒടുവിൽ സ്വയം തീകൊളുത്തിയതാകാമെന്നുമാണ് അന്വേഷണ സംഘം ഇപ്പോഴെത്തിച്ചേർന്ന നിഗമനം.

click me!