കടയിൽ നിന്ന് ലോഹ വിഗ്രഹങ്ങൾ മോഷ്ടിച്ചു, അതേ കടയുടമയ്ക്ക് വിറ്റു, ജീവനക്കാരൻ അറസ്റ്റിൽ

Published : Aug 31, 2022, 07:58 AM ISTUpdated : Aug 31, 2022, 08:01 AM IST
കടയിൽ നിന്ന് ലോഹ വിഗ്രഹങ്ങൾ മോഷ്ടിച്ചു, അതേ കടയുടമയ്ക്ക് വിറ്റു, ജീവനക്കാരൻ അറസ്റ്റിൽ

Synopsis

വിഗ്രഹങ്ങൾ പാരീസിൽ നിന്ന് വാങ്ങിയെന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിന് 2000-5000 രൂപയ്ക്ക് കടയുടമ ത്യാഗരാജന് വിറ്റിരുന്നു.

ചെന്നൈ : ചെന്നൈയിൽ വിഗ്രഹങ്ങളും പൂജാസാധനങ്ങളും വിൽക്കുന്ന കടയിൽ നിന്ന് ലോഹ വിഗ്രഹങ്ങൾ മോഷ്ടിച്ച് അതേ കടയുടമയ്ക്ക് തന്നെ വിറ്റതിന് കടയിലെ ജീവനക്കാരൻ അറസ്റ്റിയി. ചെന്നൈ മൈലാപ്പൂരിലെ നോർത്ത് മാതാ റോഡിലെ സി പി കോവിൽ സ്ട്രീറ്റിൽ ലോഹ വിഗ്രഹങ്ങളും പൂജാ സാധനങ്ങളും വിൽക്കുന്ന ബിഎൽടി സ്റ്റോറിലാണ് സംഭവം. 10 വർഷത്തിലേറെയായി മൈലാപ്പൂർ സ്വദേശി ത്യാഗരാജൻ (55) ചെന്നൈയിൽ കട നടത്തി വരികയാണ്. 

റാണിപ്പേട്ട സ്വദേശി ഷൺമുഖം (56) അഞ്ചുവർഷത്തിലേറെയായി ഈ കടയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് കടയുടമ യാദൃശ്ചികമായി ഷൺമുഖന്റെ മുറിയിലേക്ക് പോയപ്പോൾ അവിടെ 9 വിഗ്രഹങ്ങൾ കണ്ട് ഞെട്ടി. ഇതേക്കുറിച്ച് ഷൺമുഖനെ ചോദ്യം ചെയ്തപ്പോൾ പിടിച്ചെടുത്ത വിഗ്രഹങ്ങളെല്ലാം കടയിൽ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി.

സംഭവത്തെക്കുറിച്ച് ത്യാഗരാജൻ മൈലാപ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയെ തുടർന്ന് ഷൺമുഗിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. കടയുടെ മാനേജരായ ഷൺമുഖം കടയിലേക്കാവശ്യമായ ലോഹ വിഗ്രഹങ്ങൾ വാങ്ങാൻ പോകാറുണ്ടെന്നും അങ്ങനെ ചെയ്യുന്നതിനിടെ അര കിലോയുടെയും ഒരു കിലോയുടെയും വിഗ്രഹങ്ങൾ മോഷ്ടിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

വിഗ്രഹങ്ങൾ പാരീസിൽ നിന്ന് വാങ്ങിയെന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിന് 2000-5000 രൂപയ്ക്ക് കടയുടമ ത്യാഗരാജന് വിറ്റിരുന്നു. കടയുടെ മാനേജരായ ഷൺമുഖം കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ കടയുടമയായ ത്യാഗരാജന് സമാനമായ 15-ലധികം വിഗ്രഹങ്ങൾ വിറ്റിരുന്നു. കൂടാതെ, കടയിൽ ശമ്പളമായി നൽകുന്ന 15,000 രൂപ കുടുംബം പോറ്റാൻ തികയുന്നില്ലെന്നും സീരിയൽ കള്ളനല്ലെന്നും ഷൺമുഖം പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

എന്നാൽ, കഴിഞ്ഞ 5 വർഷമായി ഷൺമുഖം ഇതേ രീതിയിൽ തന്നെ കബളിപ്പിക്കുകയാണെന്നും ഇവയുടെ ആകെ മൂല്യം 30 ലക്ഷത്തിലേറെ രൂപയാണെന്നും ഇത് സംബന്ധിച്ച് കടയുടമ ത്യാഗരാജൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കടയുടെ മാനേജർ ഷൺമുഖത്തിനെ മൈലാപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്