
കൊച്ചി: കഞ്ചാവ് കേസില്‍ മകനെ രക്ഷിക്കാന്‍ ശ്രമിച്ച എസ്ഐക്ക് സസ്പെൻഷൻ. എറണാകുളം തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജനെയാണ് സസ്പെന്‍റ് ചെയ്തത്. കഞ്ചാവ് കടത്തിയ മകൻ നവീനെ സംരക്ഷിക്കുകയും വിദേശത്തേക്ക് രക്ഷപെടാൻ സഹായിക്കുകയും ചെയ്തെന്ന കേസിലാണ് സസ്പെൻഷൻ.
ആലുവയിൽ 28 കിലോ കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായ ഗ്രേഡ് എസ്ഐയുടെ മകൻ നേരത്തെയും നാല് പൊലീസ് എക്സൈസ് കേസുകളിലെ പ്രതിയാണ്. റൂറൽ എസ്പി രണ്ട് തവണ ആവശ്യപ്പെട്ടിടും മകനെ ഹാജരാക്കാതെ അബുദാബിയിലേക്ക് കടത്താനുള്ള ഗ്രേഡ് എസ്ഐ സാജന്‍റെ ശ്രമം അച്ഛനെയും അഴിക്കുള്ളിലാക്കി. ഈ മാസം മുപ്പതാം തിയതി വിരമിക്കാനിരിക്കെയാണ് ആലുവ തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജന് അറസ്റ്റിലാകുന്നത്. പൊലീസ് സേനയിൽ നിന്നുമുണ്ടായ വലിയ സമ്മർദ്ദത്തിനിടെയാണ് ആലുവ റൂറൽ പൊലീസ് എസ്പി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ സാജനെയും മകൻ നവീനെയും അറസ്റ്റ് ചെയ്തത്.
28 കിലോ കഞ്ചാവ് ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്തപ്പോൾ തന്നെ അത് കൈപ്പറ്റാൻ നവീൻ വരുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നു. ഇയാളെത്തിയ ജീപ്പിന് മുന്നിലേക്ക് പൊലീസ് എത്തിയെങ്കിലും നിമിഷം നേരത്തിനിടയിൽ കടന്ന് കളഞ്ഞു. പിന്നീട് ഈ വാഹനം പൊലീസ് പിന്തുടർന്നെത്തിയപ്പോൾ ഇതിൽ സാജനെയാണ് കണ്ടത്. മറ്റൊരു കാർ കൈമാറി മകനെ രക്ഷപ്പെടാൻ സാജൻ സഹായിച്ചുവെന്ന് ഇതോടെ ബോദ്ധ്യമായി. ഇതോടെ സാജനെ നേരിട്ട് റൂറൽ എസ്പി വിളിപ്പിച്ചു. എന്നാൽ മകൻ എവിടെ എന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഇയാളുടെ ആവർത്തിച്ചുള്ള മറുപടി. ഇതിന് പിന്നാലെയാണ് ബെംഗളൂരു വഴി നവീനെ അബുദാബിയിലേക്ക് മാറ്റാൻ എല്ലാ കരുക്കളും നീക്കിയത് സാജനാണെന്ന് വിവരം പൊലീസിന് കിട്ടിയത്. ഇതോടെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read: മകന്‍റെ 28 കിലോ കഞ്ചാവിന് പിടിവീണു, മകനെ അബുദാബിക്ക് കടത്തി; വിരമിക്കാനിരിക്കെ ഗ്രേഡ് എസ്ഐ അകത്തായി
28 കിലോ കഞ്ചാവ് ഒന്നരലക്ഷം രൂപയ്ക്കാണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ വഴി ഒഡീഷയിൽ നിന്ന് നവീൻ ആലുവയിലെത്തിച്ചത്. ഇത് മൂന്നിരട്ടി വിലയ്ക്ക് ആലുവ പെരുമ്പാവൂർ മേഖലയിൽ വിറ്റഴിക്കുകയായിരുന്നു ലക്ഷ്യം.ഇതരസംസ്ഥാന തൊഴിലാളികൾ വഴി തന്നെ ചില്ലറ വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. സാജനും മകൻ നവീനും ഉൾപ്പടെ കേസിൽ ഇത് വരെ അറസ്റ്റിലായ ഏഴ് പ്രതികൾ ആലുവ സബ്ജയിലിൽ റിമാൻഡിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam