
കോഴിക്കോട്: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ എസ്ഐ അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി എആർ ക്യാമ്പ് എസ്ഐ ജി എസ് അനിലാണ് അറസ്റ്റിലായത്. ഇയാളെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതായി റൂറല്‍ എസ്പി അറിയിച്ചു.
ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുന്ന പയ്യോളി സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിലാണ് എസ്ഐ ജി എസ് അനില്‍ അറസ്റ്റിലായത്. കൊയിലാണ്ടിക്കടുത്ത ചിങ്ങപുരത്ത് വച്ച് പയ്യോളി സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണില്‍ വച്ച് ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പിങ്ക് പൊലീസിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് പയ്യോളി സ്റ്റേഷനിൽ എസ്ഐയെ ആയിരിക്കെ ഒരു പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ പരിചയം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നെന്ന് യുവതി പറയുന്നു. പയ്യോളി ബസ്‍റ്റാന്‍റില്‍ നിന്ന് വാഹനത്തിൽ കയറ്റി തലശ്ശേരിയിലെ ലോഡ്ജിലെത്തിച്ചായിരുന്നു ആദ്യ പീഡനം. പിന്നീട് ഭീഷണിപ്പെടുത്തി പലവട്ടം പീഡനം തുടര്‍ന്നു.
പിഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ യുവതിയുടെ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയിലുണ്ട്. അനിലിനെതിരെ ബലാത്സംഗം, മർദ്ദനം, തട്ടിക്കൊണ്ട് പോകൽ, പിടിച്ച് പറി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam