പാലച്ചുവട് ആൾക്കൂട്ട കൊലപാതകം; മുഖ്യപ്രതിയടക്കം ആറുപേർ കൂടി പിടിയിൽ

By Web TeamFirst Published Mar 12, 2019, 3:01 PM IST
Highlights

കേസിൽ മൊത്തം 14 പ്രതികളാണുള്ളത്. ഏഴു പേരെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊച്ചി: കൊച്ചി പാലച്ചുവട്ടിലെ ആൾക്കൂട്ട കൊലപാതകത്തിൽ മുഖ്യപ്രതിയടക്കം ആറു പേർ പിടിയിലായി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന മുഖ്യപ്രതി അസീസ്, മകൻ അനീസ് എന്നിവരടക്കം ആറു പേരാണ് പൊലീസ് പിടിയിലായത്.

പിടിയിലായവരെ പൊലീസ് ചോദ്യംചെയ്തുകൊണ്ടിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. 
കേസിൽ മൊത്തം 14 പ്രതികളാണുള്ളത്. ഏഴു പേരെ നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാർച്ച് 9 നാണ് ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗീസിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത കണ്ടെത്തിയ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ യുവാവിന്‍റെ മരണം സാദാചാരക്കൊലയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അപകടമരണമെന്ന് വരുത്തി തീർക്കാൻ ജിബിന്‍റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.  മരണം സംഭവിക്കുന്നതിന് തലേന്ന് രാത്രി  ഒരുമണിയോടെ ഒരു ഫോൺ കോൾ വരികയും തുടർന്ന് വീട്ടിൽ നിന്ന് സ്കൂട്ടറുമായി ജിബിൻ പുറത്തേക്ക് പോകുകയുമായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിൽ 10 സംഘമായാണ് കേസ് അന്വേഷിക്കുന്നത്. 

click me!