
തിരുവല്ല: ചുട്ടുപൊള്ളുന്ന വേനല്‍ പകലില്‍ തിരുവല്ല നഗരത്തില്‍ ഒരു യുവതിയെ തീകൊളുത്തിയത് ശരിക്കും ജനങ്ങളെ ഞെട്ടിച്ചു. തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തിന്‍റെ അറുപത് ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ മരണത്തോട് മല്ലിടുകയാണ്. സംഭവത്തില്‍ തിരുവല്ല കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ദൃസാക്ഷികള്‍ പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ചിലങ്ക ജംഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടിയുടെ മുഖവും മുടിയും ഭാഗികമായി കത്തിയമർന്ന നിലയിലാണ്. ഇതിനു പിന്നാലെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബൈക്കിലാണ് ജംഗ്ഷനില്‍ എത്തിയതെന്നും കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ കരുതിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിന്നോട് റാന്നി അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് ആക്രമണം.
ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പത്തനംതിട്ട എസ്.പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam