കൂടത്തായിയിൽ കുടുംബത്തിലെ ഓരോരുത്തരെയും കൊന്നത് സയനൈഡ് നൽകി, മരുമകൾ കസ്റ്റഡിയിൽ

By Web TeamFirst Published Oct 5, 2019, 9:24 AM IST
Highlights

വളരെ ആസൂത്രിതമായി ഭക്ഷണത്തിൽ വിഷം ചേർത്താണ് എല്ലാവരെയും കൊന്നതെന്ന് തെളിവ് കിട്ടിയതായി റൂറൽ എസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട്. 

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത് സയനൈഡ് നൽകിയത് മൂലമെന്ന് റൂറൽ എസ്‍പി കെ ജി സൈമൺ. ചെറിയ അളവിൽ ഭക്ഷണത്തിലും മറ്റും ദേഹത്തിൽ വിഷാംശം എത്തിച്ചതുകൊണ്ടാണ് ആറ് പേരും പല വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത്. സയനൈഡ് ചെറിയ അളവിൽ ദേഹത്ത് എത്തിയതാണ് മരണകാരണമെന്ന് റൂറൽ എസ്‍പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മരിച്ച ഗൃഹനാഥൻ ടോം തോമസിന്‍റെ മകൻ റോയിയുടെ ഭാര്യ ജോളി കുറ്റം സമ്മതിച്ചെന്നാണ് സൂചന. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

''സയനൈഡാണ് നൽകിയത്. ഇതിന്‍റെ പിറകിൽ പൊലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്‍റെ അളവ്, എങ്ങനെ മിക്സ് ചെയ്തു എന്നിവയൊക്കെ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഒരുമിച്ച് കഴിച്ചാൽ ഉടനെ മരിച്ചുപോകുന്ന തരത്തിലുള്ള വിഷമാണിത്. അനുബന്ധ തെളിവുകളും മൊഴികളും ഫൊറൻസിക് പരിശോധനാ ഫലവും ലഭിച്ചാൽ കേസ് ശക്തമാകും'', എന്ന് റൂറൽ എസ്‍പി കെ ജി സൈമൺ. 

ഗൃഹനാഥനായ റോയ് സയനൈഡ് ഉള്ളിൽച്ചെന്ന് പൊടുന്നനെയാണ് മരിച്ചത് എന്നതിൽ പൊലീസിന് തർക്കമില്ല. ബാക്കിയുള്ളവരെയാണ് പതുക്കെപ്പതുക്കെ സയനൈഡ് നൽകി കൊന്നത്. 

മരിച്ച കുട്ടിയടക്കം ആറ് പേരുടെയും മൃതദേഹ അവശിഷ്ടങ്ങൾ ഇന്നലെ വൈകിട്ട് കല്ലറ തുറന്ന് പുറത്തെടുത്ത് രാസപരിശോധനയ്ക്ക് നൽകിയിരുന്നു. ഇതിന് ശേഷമാണ് ആറ് മരണങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ജോളി പൊലീസിനോട് തുറന്ന് സമ്മതിച്ചത്. ഒരു യുവാവാണ് ജോളിയ്ക്ക് സയനൈഡ് എത്തിച്ചത്. വ്യാജ വിൽപത്രമുണ്ടാക്കിയ ആളെക്കുറിച്ചും വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇവരെയെല്ലാം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇവരെ കേസിൽ പ്രതികളാക്കണോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമതീരുമാനം പൊലീസ് എടുത്തിട്ടില്ല. ഒരു പക്ഷേ ഇവരെ മാപ്പ് സാക്ഷികളാക്കി കേസിൽ ജോളിയെ പ്രതിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. എന്നാൽ ഇതിലും അവസാനതീരുമാനം എല്ലാ പരിശോധനാ ഫലങ്ങളും കിട്ടിയ ശേഷം മാത്രമേ ഉണ്ടാകൂ. 

കേസിൽ മറ്റ് ബന്ധുക്കൾക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നതിൽ പൊലീസ് ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇപ്പോൾ കുറ്റാരോപിതയായ ജോളി പിന്നീട് വിവാഹം കഴിച്ചത് മരിച്ച സിലിയുടെ ഭർത്താവിനെയാണ്. ഗൃഹനാഥനായിരുന്ന ടോം തോമസിന്‍റെ സഹോദരന്‍റെ മകനാണിയാൾ. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽച്ചെന്ന് മരിച്ചിരുന്നു.

കുറ്റസമ്മതമൊഴി നൽകിയ ജോളിയുടെ വീടും പരിസരവും നിരീക്ഷണത്തിലാണ്. ഫോറൻസിക് പരിശോധനാ ഫലം വന്നതിന് ശേഷം മതി അറസ്റ്റ് എന്നായിരുന്നു ആദ്യതീരുമാനമെങ്കിലും പൊലീസ് ഇപ്പോഴത് മാറ്റി. കുറ്റസമ്മത മൊഴി കിട്ടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. കുറച്ചുകൂടി തെളിവുകൾ എടുത്ത് ഞായറാഴ്ചയോടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ഇപ്പോൾ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 

കൂടത്തായിയിൽ മരിച്ചതാരൊക്കെ, ഇവർ തമ്മിലുള്ള ബന്ധമെന്ത്?

 

click me!