
മീററ്റ്: ഭർത്താവിന്റെ മരണത്തെ തുടർന്ന് അച്ഛൻ പതിനായിരം രൂപയ്ക്ക് അടിമയായി വിറ്റ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. പൊലീസ് ഇവരുടെ പരാതി അവഗണിച്ചതോടെ ജീവൻ അവസാനിപ്പിക്കാൻ സ്വയം തീകൊളുത്തിയ അവരെ മരണവും കൈവിട്ടു. 80 ശതമാനം പൊള്ളലേറ്റ യുവതി ഇപ്പോൾ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഉത്തർപ്രദേശിലെ മീററ്റിനടുത്ത് ഹപുർ സ്വദേശിയായ യുവതിക്കാണ് ദാരുണമായ അനുഭവം. ഭഭർത്താവ് മരിച്ചതോടെ കുടുംബത്തിന് ബാധ്യതയാവുമെന്ന് കണ്ടാണ് അച്ഛനും അമ്മായിയും ചേർന്ന് 30 നോടടുത്ത് പ്രായമുള്ള യുവതിയെ വിറ്റത്. 10000 രൂപയ്ക്കായിരുന്നു വിൽപ്പന. യുവതിയെ വാങ്ങിയ ആൾ ഇവരെ പലർക്കായി കാഴ്ചവയ്ക്കുകയായിരുന്നു. ഇയാൾ നിരവധി പേരിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇവരുടെ എല്ലാം വീടുകളിൽ ഗാർഹിക ജോലികൾക്കായി യുവതിയെ മാറ്റിമാറ്റി പാർപ്പിച്ചു. ഇവരെല്ലാം യുവതിയെ അതിക്രൂരമായി പീഡിപ്പിച്ചു.
തനിക്കുണ്ടായ ക്രൂരമായ അനുഭവത്തെ കുറിച്ച് ഹപുർ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവരെ നേരിൽ കണ്ട് പരാതിപ്പെട്ടതായി യുവതിയുടെ മൊഴിയിലുണ്ട്. എന്നാൽ പൊലീസ് നടപടി എടുക്കാൻ തയ്യാറായില്ല. താൻ പൂർണ്ണമായും ഒറ്റപ്പെട്ടുവെന്ന് തോന്നിയപ്പോഴാണ് യുവതി സ്വയം തീകൊളുത്തിയത്. ഏപ്രിൽ 28നായിരുന്നു ഇത്.
യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെ വനിതാ കമ്മിഷനും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. സംഭവം വിവാദമായതോടെ 14 പേർക്കെതിരെ പൊലീസ് ബലാത്സംഗത്തിനും സ്ത്രീകൾക്കെതിരായ അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് വനിതാ കമ്മിഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു. പൊലീസ് അവഗണിച്ചുവെന്ന് യുവതി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam