ഉത്രയുടെ മരണം കൊലപാതകം; പാമ്പിനെ പണം കൊടുത്ത് വാങ്ങിയെന്ന് ഭർത്താവ് സൂരജിന്റെ കുറ്റസമ്മതം

By Web TeamFirst Published May 24, 2020, 1:10 PM IST
Highlights

സംഭവത്തിൽ പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് പാമ്പിനെ നൽകിയത്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയത്

കൊല്ലം: അഞ്ചലില്‍ ദിവസങ്ങൾക്കിടെ രണ്ടു തവണ  പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവ് സൂരജാണ് കൊലയ്ക്ക് പിന്നിലെ മുഖ്യപ്രതി. പണം കൊടുത്ത് വാങ്ങിയ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു.

സംഭവത്തിൽ പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷാണ് പാമ്പിനെ നൽകിയത്. പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയത്. സൂരജിന്റെ അടൂർ സ്വദേശികളായ രണ്ട് സുഹൃത്തുക്കളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്. ഇവരുടെ പങ്ക് വ്യക്തമായിട്ടില്ല.

Read More: ഉത്രയുടെ കൊലപാതകം ചുരുളഴിഞ്ഞത് ശാസ്ത്രീയ അന്വേഷണത്തില്‍

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി അശോക് കുമാറിനാണ് അന്വേഷണ ചുമതല. കൊട്ടരക്കര റൂറൽ എസ്പിയുടെ നിർദ്ദേശ പ്രകാരം ഇന്നലെ വൈകിട്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത്. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാർച്ച് 2 ന് ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി. 

"

ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പിന്‍റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു. യുവതിയുടെ മരണം സ്ഥിരീകരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവക്കുന്നത്. എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയാണ്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.

click me!