മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

By Web TeamFirst Published Feb 19, 2020, 11:15 PM IST
Highlights

പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

വയനാട്: വയനാട് മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. കുറുക്കന്‍മൂല ആദിവാസി കോളനിയിലെ ശോഭയുടെ മരണത്തില്‍ ബന്ധുക്കളുടെയും ആദിവാസി സംഘടനകളുടെയും ആരോപണങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തയെ തുടർന്ന് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ട സാഹചര്യത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.

കുറുക്കന്‍മൂല ആദിവാസി കോളനിയിലെ ശോഭയെ ഫെബ്രുവരി മൂന്നിനാണ് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച വൈദ്യുതവേലിയില്‍നിന്നും തലേദിവസം രാത്രി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെയും പോലീസിന്‍റെയും പ്രാഥമിക നിഗമനം. 

എന്നാല്‍ അബദ്ധത്തില്‍ ഷോക്കേറ്റതല്ലെന്നും ശോഭയെ കൊന്നതാണെന്നും, നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നുമുള്ള ബന്ധുക്കളുടെ ആരോപണം വാർത്തയായതോടെ സംസ്ഥാന പട്ടികജാതി പട്ടികവർഗവകുപ്പ് വിഷയത്തില്‍ ഇടപെട്ടു. ഇതോടെ ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ ശോഭയുടെ കുടുംബത്തെ സന്ദർശിച്ചു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല, നിലവില്‍ എസ്എംഎസ് ഡിവൈഎസ്പിയാണ് കേസന്വേഷിക്കുന്നത്. ഷോക്കേറ്റ് മരിച്ചതാണെന്ന വാദം പുതിയ അന്വേഷണസംഘവും ആവർത്തിക്കുകയാണെങ്കില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്നാണ് കുടുംബത്തിന്‍റെ മുന്നറിയിപ്പ്.

click me!