ശ്രീറാം അറസ്റ്റിൽ: ഇന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റില്ല, പൊലീസ് അനാസ്ഥ തുടരുന്നു

By Web TeamFirst Published Aug 3, 2019, 6:58 PM IST
Highlights

ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയിൽ ഡ്രിപ്പും മറ്റൊരു കൈയിൽ മുറിവുമായതിനാൽ വിരലടയാളം രേഖപ്പെടുത്താൻ ഡോക്ടർ അനുവദിച്ചില്ല. 

തിരുവനന്തപുരം: വാഹനമിടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെ തൽക്കാലം ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ എതിർത്തെന്നാണ് സൂചന. 

ശ്രീറാം വെങ്കിട്ടരാമന്‍റെ വിരലടയാളം രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയിൽ ഡ്രിപ്പും മറ്റൊരു കൈയിൽ മുറിവുമായതിനാൽ വിരലടയാളം രേഖപ്പെടുത്താൻ ഡോക്ടർ അനുവദിച്ചില്ല. ഡ്രൈവിംഗ് സീറ്റിൽ നിന്നുളള വിരലടയാളം ഫൊറൻസിക് ടീം എടുത്തെങ്കിലും അത് ഒത്തു നോക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് പല ദൃക്സാക്ഷി മൊഴികൾ ഒത്തുനോക്കി പൊലീസ് സ്ഥിരീകരിച്ചെങ്കിലും അതിന് കൃത്യമായ ശാസ്ത്രീയ തെളിവുകൾ കൂടി വേണം. 

അപകടമുണ്ടായ ശേഷം ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകാനാണ് ജനറൽ ആശുപത്രിയിലെ ഡോക്ടർ റഫർ ചെയ്തത്. എന്നാൽ ഇതിന് വിസമ്മതിച്ച ശ്രീറാം കിംസ് ആശുപത്രിയിൽ പോയി അഡ്മിറ്റാവുകയായിരുന്നു. 

പൊലീസ് അനാസ്ഥയ്ക്ക് വീണ്ടും തെളിവ്

ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാകുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ നടപടികളെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അപകടം നടന്നതിന് പിന്നാലെ മ്യൂസിയം പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വീഴ്ചകളുടെ കൂടുതൽ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ഫൊറൻസിക് സംഘവും ഫോട്ടോഗ്രാഫർമാരും വരുന്നതിന് മുമ്പ് റിക്കവറി വാഹനമുപയോഗിച്ച് അപകടമുണ്ടാക്കിയ കാർ പൊലീസ് സ്ഥലത്തു നിന്ന് മാറ്റി. അപകടത്തിൽ കാറിന്‍റെ ഒരു ടയർ തകർന്നുവെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ഫൊറൻസിക് ടീമെത്തി പരിശോധന നടത്തിയതും വിരലടയാളം എടുത്തതും മാറ്റിയിട്ട ഇടത്തു നിന്നാണ്. അപകടം നടന്ന സ്ഥലത്തു നിന്നായിരുന്നെങ്കിൽ തെളിവുകൾ അൽപം കൂടി ശക്തമായേനെ. 

അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. 

മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം എടുത്ത കേസുകളില്‍ ചുരുങ്ങിയത് മുപ്പത് ദിവസമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ശ്രീറാമിന് ജാമ്യം കിട്ടൂ എന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീറാമിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. 

അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫ റിയാസിന്‍റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്.

മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് വഫ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നാണ് സൂചന. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നും വഞ്ചിയൂര്‍ കോടതിയിലെത്തിച്ച വഫ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അ‍ഞ്ചിലാണ് അഞ്ച് പേജുള്ള രഹസ്യമൊഴി വഫ നല്‍കിയത്.

click me!