
ഹാസന്‍: കഴിഞ്ഞ ദിവസം ഹാസനില്‍ കൊറിയര്‍ സ്ഥാപനത്തില്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചതിന് പിന്നില്‍ പൂവാലനെന്ന് റിപ്പോര്‍ട്ട്.മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ അപായപ്പെടുത്താന്‍ മിക്സിയില്‍ സ്ഫോടക വസ്തു ബെംഗലുരു സ്വദേശിയായ യുവാവാണ് കൊറിയര്‍ ചെയ്തത്. എന്നാല്‍ അയച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാല്‍ യുവതി കൊറിയര്‍ സ്വീകരിക്കാതെ മടക്കി. റിട്ടേണ്‍ ചെയ്യാനുള്ള പണം പോലും നല്‍കാതെയാണ് യുവതി കൊറിയര്‍ മടക്കിയത്. ഇതോടെ നല്ല ഭാരമുള്ള പാക്കേജ് തുറന്ന് നോക്കാനുള്ള കൊറിയര്‍ സ്ഥാപനമുടമയുടെ ശ്രമമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് ഹാസന്‍ എസ്പിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹാസനിലെ ഡിറ്റിഡിസി കൊറിയര്‍ കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. ഈ പൊട്ടിത്തെറിയില്‍ കൊറിയര്‍ സ്ഥാപനമുടമയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളെന്ന് എസ് പി ഹരിറാം ശങ്കര്‍ വ്യക്തമാക്കുന്നത്. ബെഗലുരു സ്വദേശിയായ യുവാവിനെ ഉടനെ പിടികൂടുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഡിറ്റിഡിസിയുടെ കെ ആര്‍ പുരത്തെ കളക്ഷന്‍ സെന്‍ററിലാണ് സ്ഫോടനമുണ്ടായത്. കൊറിയര്‍ അയച്ച ആളുടെ പേരും വിവരവും ഫോണ്‍ നമ്പറും വ്യാജമാണെന്ന് വ്യക്തമായതോടെയാണ് കൊറിയര്‍ സ്ഥാപനത്തിലെ ശശി കുമാര്‍ കൊറിയര്‍ പൊട്ടിച്ച് നോക്കിയത്. പാക്കേജ് തുറന്നയുടനേ പൊട്ടിത്തെറിക്കുകയായിരുന്നു.
ഹാസനിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന 38 കാരിയായ വിവാഹ മോചിതയ്ക്കാണ് കൊറിയര്‍ എത്തിയത്. മിക്സര്‍ ഗ്രൈന്‍ഡറില്‍ നിരവധി ഇലക്ട്രിക്കല്‍ ഡിറ്റണേറ്ററുകളാണ് വച്ചിരുന്നതെന്നാണ് ഫോറന്‍സിക് സംഘം വിശദമാക്കുന്നത്. മാട്രിമോണിയല്‍ സെറ്റിലൂടെയാണ് ബെംഗലുരു സ്വദേശിയായ അനൂപ് കുമാറിനെ യുവതി പരിചയപ്പെടുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ബിസിനസുകാരനെന്നാണ് യുവാവ് സൈറ്റില്‍ പറഞ്ഞിരുന്നത്. യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം യുവതി വേണ്ടെന്ന് വച്ചതിലെ പ്രതികാരമായാണ് ബോംബ് തയ്യാറാക്കി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വിവിധ നമ്പറുകളില്‍ നിന്ന് മെസേജുകളും വീഡിയോകളും അയച്ച് യുവാവ് നിരന്തരമായി ശല്യം ചെയ്യുകയായിരുന്നുവെന്ന് യുവതി വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam