'നോ' പറഞ്ഞത് ഇഷ്ടമായില്ല, പിന്തുടർന്ന് വെടിവെച്ചു; ദേശീയ ജൂനിയർ ബോക്സിങ് താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Web TeamFirst Published Jan 22, 2023, 8:44 AM IST
Highlights

14കാരിയായ പെൺകുട്ടിക്ക് നേരെയാണ് വെടിയുടതിർത്തത്. പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനാൽ വെടിയേറ്റില്ല. അറസ്റ്റിലായ മൂന്ന് പ്രതികളും പ്രായപൂർത്തിയാകാത്തവർ.

ഭോപ്പാൽ: ദേശീയ ജൂനിയർ ബോക്സിങ് താരത്തെ ജനത്തിരക്കേറിയ പട്ടണത്തിൽവെച്ച് വെടിവെച്ചു. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഗ്വാളിയോറിലെ തെരുവിലായിരുന്നു സംഭവം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബോക്സിങ് താരത്തെ സ്ഥിരമായി ശല്യം ചെയ്യുന്ന കൗമാരക്കാരനാണ് ആക്രമണത്തിന് പിന്നിൽ.

14 വയസ്സുള്ള പെൺകുട്ടി മധ്യപ്രദേശിന്റെ മികച്ച ബോക്‌സിങ് താരമാണെന്നും വിശാഖപട്ടണത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗ്വാളിയോറിലെ തരുൺ പുഷ്‌കർ സ്റ്റേഡിയത്തിലെ പരിശീലനത്തിന് ശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്‌കൂട്ടറിലെത്തിയ മൂന്ന് പേർ ഝാൻസി റോഡിലെ ക്ഷേത്രത്തിന് സമീപത്തുവെച്ച് വെടിവെച്ചു. എന്നാൽ, അതിവേ​ഗതയിൽ പെൺകുട്ടി ഒഴിഞ്ഞുമാറി‌യതിനാൽ വെ‌ടിയേറ്റില്ല. തുടർന്ന് മൂവരും ഓടിരക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. 

പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, അവളെ സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്യുന്ന അയൽവാസി ഉൾപ്പെടെ മൂന്ന് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മൂന്ന് പ്രതികളെയും പി‌‌ടികൂടി. ഇവരിൽ നിന്ന് 315 നാടൻ പിസ്റ്റൾ പിടിച്ചെടുത്തു. വെടിയുതിർത്തയാൾ ഏറെ നാളായി തന്നെ പിന്തുടരുകയായിരുന്നെന്നും എന്നാൽ തന്റെ ബോക്‌സിംഗ് കരിയറിലും പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്  പറഞ്ഞ് ഇയാളെ പെൺകുട്ടി ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി നിരസിച്ചത് ആൺകുട്ടിയെ പ്രകോപിതനാക്കി. തു‌ടർന്നാണ് രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ പെൺകുട്ടിയെ കൊലപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. 

വളർത്തുനായയെ 'പട്ടി' എന്ന് വിളിച്ചത് ഇഷ്ടമായില്ല; ഉടമകൾ 62കാരനെ കുത്തിക്കൊലപ്പെടുത്തി

click me!