അലി​ഗഢ് കൊലപാതകം: രണ്ടര വയസുകാരി അനുഭവിച്ചത് നരകയാതന

By Asianet MalayalamFirst Published Jun 7, 2019, 11:47 PM IST
Highlights

കഴിഞ്ഞ ഞായറാഴ്ച അലിഗഢിലെ ഒരു മാലിന്യക്കൂനയില്‍ നിന്നും തെരുവ് നായകള്‍ ഒരു കുഞ്ഞിന്‍റെ ശരീരഭാഗങ്ങള്‍ കടിച്ചു പറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന്‍റെ കഥ പുറത്തു വരുന്നത്. 

അലി​ഗഢ്: ഉത്തർപ്രദേശിലെ അലിഗഡിൽ രണ്ടര വയസ്സുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മായാവതിയും രംഗത്തെത്തി. 

കഴിഞ്ഞ ഞായറാഴ്ച അലിഗണ്ഡിലെ ഒരു മാലിന്യക്കൂനയില്‍ നിന്നും തെരുവ് നായകള്‍ ഒരു കുഞ്ഞിന്‍റെ ശരീരഭാഗങ്ങള്‍ കടിച്ചു പറിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യത്തിന്‍റെ കഥ പുറത്തു വരുന്നത്. പൊലീസ് അന്വേഷണത്തില്‍ മെയ് 30ന് പ്രദേശത്ത് നിന്നും കാണാതായ കുഞ്ഞിന്‍റേതാണ് മൃതദേഹം എന്ന് മനസിലായി. 

കുട്ടിയുടെ മുത്തശ്ശനില്‍ നിന്നും കടം വാങ്ങിയ പതിനായിരം രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യംതീര്‍ക്കാന്‍ അയല്‍വാസികളായ രണ്ട് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പൊലീസ് പിടികൂടി.സാഹിദ്, അസ്ലം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ നിന്ന് അരക്കിലോ മീറ്റർ അകലെയാണ് ഇരു പ്രതികളും താമസിച്ചിരുന്നത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. 

മെയ് 30 വീടിന് പരിസരത്ത് നിന്നുമാണ് കുഞ്ഞിനെ കാണാതായത്. കുട്ടിയെ തേടി രാത്രി മുഴുവന്‍ വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. മൂന്ന് ദിവസം കഴിഞ്ഞ് വീട്ടിലെ മാലിന്യം ഗാര്‍ബേജില്‍ കളയാന്‍ പോയ സ്ത്രീയെ തുണിയില്‍ കെട്ടിയ കുഞ്ഞിന്‍റെ മൃതദേഹം നായകള്‍ കടിച്ചു വലിക്കുന്നത് കണ്ടത്. 

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായകളെ ഓടിച്ചു വിട്ട ശേഷം മൃതദേഹം പരിശോധിച്ചു. പഴകി വികൃതമായ മൃതദേഹത്തില്‍ നിന്നും നല്ല ദുര്‍ഗന്ധം വരികയും പുഴുവരിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസാണ് കുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. 

കുട്ടിയുടെ വീട്ടുകാര്‍ ഒരു ദിവസം മുഴുവന്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന ശേഷമാണ് പൊലീസ് കേസിലെ പ്രധാന പ്രതിയായ സാഹിദിനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ അഞ്ച് പൊലീസുകാരെ ഇതിനോടകം സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. 

ക്രൂരമായ ശാരീരിക പീഢനങ്ങൾക്ക് കുട്ടി ഇരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  എന്നാല്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതിന് തെളിവില്ല. കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തതായി നേരത്തെ കുടുംബം ആരോപിച്ചിരുന്നുവെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നും കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ക്രൂരപീഡനത്തില്‍ കുട്ടിയുടെ ഒരു കൈയും കാലും ഒടിഞ്ഞിരുന്നതായി പൊലീസ് സ്ഥിരീകരിക്കുന്നു. 

സമൂഹ മാധ്യമങ്ങളിൽ സംഭവം കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ അന്വേഷണം പ്രത്യേക സംഘത്തിന് വിട്ടു. 24 മണിക്കൂറില്‍ അരലക്ഷത്തിലേറെ ട്വീറ്റുകളാണ് കൊലപാതകത്തെ അപലപിച്ച് വന്നത്. അതിവേഗ കോടതിയിൽ കേസിന്‍റെ വിചാരണ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.  

മനസാക്ഷിയെ നടുക്കുന്ന സംഭവമാണിതെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ട്വിറ്ററിൽ പ്രതികരിച്ചു. ബിഎസ്പി നേതാവ് മായാവതിയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നടപടി എടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് നടന്‍ അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല... എന്താണ് പറയേണ്ടതെന്ന് പോലും എനിക്കറിയില്ല.... ജനരോക്ഷം പങ്കുവച്ച് കൊണ്ട് അഭിഷേക് പറയുന്നു. 

click me!