Latest Videos

വിദ്യാർഥിനിക്ക് നേരെ ആസിഡാക്രമണം; പ്രിൻസിപ്പാളിനും അധ്യാപകനുമെതിരെ കേസ്‌

By Web TeamFirst Published Dec 24, 2019, 6:38 PM IST
Highlights

ദിവസവും രാവിലെ പെൺകുട്ടി ഇവിടെ നടക്കാൻ വരാറുണ്ടെന്ന് മനസ്സിലാക്കിയ സ്കൂൾ പ്രിൻസിപ്പാളായ ഹുൻസ് ആര, അധ്യാപകൻ ജവേ‍ദ്, ജീവനക്കാരായ അമൻ, ഹാഷിം എന്നിവർ ​ഗ്രൗണ്ടിന് സമീപം പെൺകുട്ടിക്കായി കാത്തുനിൽ‌ക്കുകയായിരുന്നു. 

മുംബൈ: മുംബൈയിൽ പതിനഞ്ചുകാരിക്ക് നേരെ ആസിഡാക്രമണം നടത്തിയ പ്രിൻസിപ്പാളിനും അധ്യാപകനുമെതിരെ കേസ്. മുംബൈയിലെ കഞ്ചുർമർ​ഗിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. പെൺകുട്ടി മുമ്പ് പഠിച്ച ബന്തൂപ്പിലെ നശേമൻ ഉറുദ്ദു സ്കൂളിലെ ജീവനക്കാരും പ്രിൻസിപ്പാളും അധ്യാപകനുമാണ് ആക്രമണത്തിന് പിന്നിൽ‌. സംഭവത്തിൽ നാലം​ഗ സംഘത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ഒമ്പതാം ക്ലാസ്സുവരെ നശേമൻ സ്കൂളിലായിരുന്നു പെൺകുട്ടി പഠിച്ചിരുന്നത്. കഴിഞ്ഞ വർഷം യാതൊരു കാരണവും കൂടാതെ പെൺകുട്ടിയെ സ്കൂളിലെ ജീവനക്കാരും അധ്യാപകനും കൂടി മർദ്ദിച്ചിരുന്നു. തനിക്ക് മർദ്ദനമേറ്റ വിവരം വീട്ടിൽ പറ‍‌ഞ്ഞതിന് പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ അധ്യാപകനും ജീവനക്കാരനുമെതിരെ പൊലീസിൽ പരാതി നൽകി. സംഭവം നടന്ന ദിവസം രാവിലെ ആറുമണിക്ക് ബാജി പ്രഭു ​ഗ്രൗണ്ടിൽ നടക്കാനെത്തിയതായിരുന്നു പെൺകുട്ടി. ദിവസവും രാവിലെ പെൺകുട്ടി ഇവിടെ നടക്കാൻ വരാറുണ്ടെന്ന് മനസ്സിലാക്കിയ സ്കൂൾ പ്രിൻസിപ്പാളായ ഹുൻസ് ആര, അധ്യാപകൻ ജവേ‍ദ്, ജീവനക്കാരായ അമൻ, ഹാഷിം എന്നിവർ ​ഗ്രൗണ്ടിന് സമീപം പെൺകുട്ടിക്കായി കാത്തുനിൽ‌ക്കുകയായിരുന്നു.

ഗ്രൗണ്ടിലെത്തിയ പെൺകുട്ടിയെ നാലം​ഗ സംഘം തടഞ്ഞു. പിന്നാലെ പ്രിൻസിപ്പാളെത്തി തന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. കാലിനും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. തന്റെ അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും നേരെ ഇത്തരത്തിൽ ആസിഡാക്രമണം നടത്തുമെന്ന് സംഘം ഭീക്ഷണിപ്പെടുത്തി. ആക്രമണത്തിന് ശേഷം സംഘം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പെൺകുട്ടി കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ തനിക്ക് നേരെ നടന്ന ആസിഡാക്രമണത്തെ കുറിച്ച് അച്ഛനെ ഫോണിൽ വിളിച്ച് അറിയിച്ചു. തുടർന്ന് വീട്ടുകാരെത്തിയാണ് തന്നെ ആശുപത്രിയിൽ എത്തിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. ചികിത്സയ്ക്ക് ശേഷം പെൺകുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പ്രതികൾക്കെതിരെ ആസിഡാക്രമണം, ഭീഷണി തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അഡീഷണൽ പൊലീസ് കമ്മീഷണർ ലക്ഷ്മി ​ഗൗതം പറഞ്ഞു. 
 
 

  

click me!