
ഗോവ: ഗോവ യൂണിവേഴ്‌സിറ്റി മൈതാനത്ത് അഫ്ഗാൻ വിദ്യാർത്ഥിക്ക് കുത്തേറ്റ കേസിൽ ഒരാളെ പനാജി പോലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന മറ്റ് മൂന്ന് പ്രതികളെ പോലീസ് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് തലേഗാവ് നിവാസിയായ സതീഷ് നിലകാന്തെ എന്ന യുവാവിനെ അറസ്റ്റുചെയ്തതായി സബ് ഇൻസ്പെക്ടർ അക്ഷയ് പർസേക്കർ പറഞ്ഞു. ഐപിസി സെക്ഷൻ 326 പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ഗോവ മേധാവി അഹ്‌റാസ് മുല്ല ഗവർണർ സത്യപാൽ മാലിക്, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്ആർഡി) എന്നിവർക്ക് കത്തെഴുതിയിട്ടുണ്ട്. ഗോവ യൂണിവേഴ്സിറ്റിയുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്കതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ഇത്തരം ആക്രമണങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ ജെഎൻയു സർവ്വകലാശാലയിലെ അവസ്ഥയിലേക്ക് ഗോവ യൂണിവേഴ്സിറ്റിയും എത്തിച്ചേരുമോ എന്ന് വിദ്യാർത്ഥികൾ ഭയപ്പെടുന്നു. ഗോവയിലെ അഫ്ഗാനി വിദ്യാർത്ഥിക്ക് നേരെയുള്ള ആക്രമണം പഠനത്തിനായി വരുന്ന വിദേശ വിദ്യാർത്ഥികളുടെ സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തിന്റെ ക്രമസമാധാനം സംബന്ധിച്ച് ലോകമെമ്പാടുമുളള വിദ്യാർത്ഥികൾക്ക് വളരെ മോശം അഭിപ്രായമായിരിക്കും ഉണ്ടാകുക എന്നും അഹറാസ് മുല്ല കത്തിൽ പരാമർശിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam