എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

Published : Nov 03, 2022, 01:16 AM IST
എംജി കോളേജില്‍ കെഎസ് യു പ്രവര്‍ത്തകനെ എബിവിപി പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്ന് പരാതി

Synopsis

 കോളേജിലെ ഇടിഞ്ഞ് പൊളിഞ്ഞ ഹോസ്റ്റൽ കെട്ടിടത്തിൽ എത്തിച്ച് സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് വലതു ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചിട്ടുണ്ട്. 

തിരുവനന്തപുരം എം.ജി.കോളേജിൽ കെഎസ് യു പ്രവർത്തകനായ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന് പരാതി. എബിവിപിയുടെ പരിപാടിയിൽ പങ്കെടുക്കാത്തതിനാണ് മർദ്ദനമെന്നാണ് പരിക്കേറ്റ അശ്വിൻ പറയുന്നത്. എന്നാൽ ആരോപണം എബിവിപി നിഷേധിച്ചു. കാല് പിടിക്കാമെന്ന് പറഞ്ഞിട്ട് കൂടി മര്‍ദ്ദിച്ചെന്നാണ് ആരോപണം.

ഇന്നലെ ഉച്ചയ്ക്ക് കോളേജ് വരാന്തയിൽ നിന്ന് ഒരു വിഭാഗം വിദ്യാർത്ഥികൾ വിളിച്ചു കൊണ്ടുപോയെന്നാണ് അശ്വിൻറെ പരാതി. കോളേജിലെ ഇടിഞ്ഞ് പൊളിഞ്ഞ ഹോസ്റ്റൽ കെട്ടിടത്തിൽ എത്തിച്ച് സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് വലതു ചെവിക്ക് കേൾവിക്കുറവ് സംഭവിച്ചിട്ടുണ്ട്. അശ്വിൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്‍യു നെയ്യാറ്റിൻകര മണ്ഡലം പ്രസിഡനന്റായ അശ്വിൻ എംജി കോളേജിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ല.

നേരത്തേ ക്യാന്പസ്സിന് പുറത്തുനടന്ന എബിവിപി പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചത് മുതലാണ് ഭീഷണി തുടങ്ങിയതെന്നും അശ്വിൻ പറയുന്നു. പരാതി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടിയെടുക്കുമെന്നും കോളേജ് പ്രിൻസിപ്പാൾ പ്രതികരിച്ചു. എന്നാൽ രാഷ്ട്രീയ സംഘർഷം നടന്നിട്ടില്ലെന്നും. രണ്ട് ക്ലാസുകൾ തമ്മിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് എബിവിപിയുടെ പ്രതികരണം. ആശുപത്രിയിൽ എത്തി അശ്വിന്റെ മൊഴിയെടുത്ത പേരൂർക്കട പൊലീസ് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


നേരത്തെ മഹാരാജാസ് കോളേജിലുണ്ടായ കെഎസ്‍യു എസ്എഫ്ഐ സംഘർഷത്തില്‍ 10 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും 6 കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസി‍ഡന്‍റ് അമൽ ജിത്ത് കുറ്റ്യാടി,വനിതാ പ്രവർത്തകയായ റൂബി, കെഎസ്‍‍യു നേതാക്കളായ നിയാസ്,  റോബിൻസൻ  അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്കാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'